ആലപ്പുഴ: അങ്കമാലിയിൽ ഗുണ്ടാ നേതാവിന്റെ വീട്ടിലെ വിരുന്നിൽ ഡി.വൈ.എസ്.പിക്കൊപ്പം പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എം.ജി. സാബുവിനൊപ്പം കുപ്രസിദ്ധ ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടിൽ വിരുന്നിൽ പങ്കെടുത്ത ഉദ്യോഗസ്ഥർക്കെതിരെയാണ് പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ നടപടിയെടുത്തത്.
ആലപ്പുഴ പോലീസ് ക്യാമ്പിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടിയെന്നാണ് വിവരം. ഒരു ഡ്രൈവറും സി.പി.ഒയുമാണ് സസ്പെൻഷനിലായിരിക്കുന്നത്. ഡി.വൈ.എസ്.പിയുടെ ഡെപ്യൂട്ടികളായി താത്കാലികമായി വന്ന ഉദ്യോഗസ്ഥരാണ് ഇവർ. ഇവരുടെ പേരുവിവരങ്ങൾ നിലവിൽ ലഭ്യമല്ല. വിരുന്ന് സംബന്ധിച്ച വിവരം പുറത്തുവന്നതോടെ വിഷയത്തിൽ പ്രാഥമിക അന്വേഷണത്തിന് എസ്.പി ഉത്തരവിട്ടിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്നതിന് പിന്നാലെയാണ് എം.ജി സാബു സ്ഥലം മാറി ആലപ്പുഴയിലെത്തിയത്. എറണാകുളം റൂറൽ പോലീസ് പരിധിയിൽ ദീർഘകാലം ജോലിചെയ്തിരുന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. അവിടെവെച്ചുള്ള ബന്ധത്തെ തുടർന്നാണ് വിരുന്നിൽ പങ്കെടുത്തതെന്നാണ് വിവരം. സംഭവത്തിൽ, ഡി.വൈ.എസ്.പിക്കെതിരെ വകുപ്പുതല അന്വേഷണമുണ്ടാകും. ആലുവ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം.
നാല് ദിവസം മാത്രമാണ് ഡി.വൈ.എസ്.പി സാബുവിന് സർവീസ് ബാക്കിയുണ്ടായിരുന്നത്. മേയ് 31-ന് വിരമിക്കേണ്ട ഉദ്യോഗസ്ഥനാണ് അദ്ദേഹം. വിരമിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന് സസ്പെൻഷൻ ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. കാപ്പ ലിസ്റ്റിൽ ഉൾപ്പെട്ട ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടിൽ ഞായറാഴ്ച ഒരുക്കിയ വിരുന്നിലാണ് ഡി.വൈ.എസ്.പിയും സംഘവും കുടുങ്ങിയത്.
ഗുണ്ടാ നേതാക്കളുടെ വീട്ടിൽ നടത്തുന്ന ‘ഓപ്പറേഷൻ ആഗ്’ പരിശോധനയുടെ ഭാഗമായാണ് അങ്കമാലി പോലീസ് തമ്മനം ഫൈസലിൻ്റെ വീട്ടിൽ എത്തിയത്. എന്നാൽ, ഡിവൈഎസ്പിക്കും പോലീസുകാർക്കുമുള്ള വിരുന്നാണ് നടക്കുന്നതെന്ന് പിന്നീടാണ് വ്യക്തമായത്. റെയ്ഡിനെത്തിയ അങ്കമാലി എസ്.ഐയെ കണ്ടതോടെ ഡിവൈഎസ്പി അടക്കമുള്ള പോലീസുകാർ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു.