ബാര്‍ബഡോസ്: കന്നി ലോകകപ്പ് ഫൈനലില്‍ തന്നെ കിരീടത്തിലേക്ക് കുതിക്കുകയായിരുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ വിശ്വസനീയമായിരുന്നു ഇന്ത്യ നേടിയ ഏഴു റണ്‍സ് ജയം. അവസാന ഓവര്‍വരെ ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ ഡേവിഡ് മില്ലറെ പുറത്താക്കാന്‍ സൂര്യകുമാര്‍ യാദവ് എടുത്ത അദ്ഭുത ക്യാച്ചാണ് ഇന്ത്യയുടെ കിരീട വിജയത്തില്‍ നിര്‍ണായകമായത്. ആറു പന്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ 16 റണ്‍സ് വേണ്ടപ്പോഴായിരുന്നു സൂര്യയുടെ നിര്‍ണായക ക്യാച്ച്.
നിര്‍ണായകമായ ആ ക്യാച്ചിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് താരം. ലോകകപ്പ് പറന്നുപോകുന്നത് കണ്ടെന്നും അത് താന്‍ മുറുകെപ്പിടിക്കുകയായിരുന്നുവെന്നുമാണ് സൂര്യകുമാര്‍ പറഞ്ഞത്.
‘ആ സമയം എന്റെ മനസിലൂടെ എന്താണ് കടന്നുപോയതെന്ന് യഥാര്‍ഥത്തില്‍ എനിക്കറിയില്ല. ലോകകപ്പ് പറന്നുപോകുന്നതാണ് കാണാനായത്. ഞാന്‍ അത് മുറുകെപ്പിടിച്ചു’. – സൂര്യകുമാര്‍ പ്രതികരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
മത്സരത്തിലെ നിര്‍ണായക വഴിത്തിരിവായിരുന്നു ആ ക്യാച്ച്. ആറു പന്തില്‍ ജയിക്കാന്‍ 16 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ ഹാര്‍ദിക് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തു തന്നെ സിക്‌സര്‍ പറത്താനായിരുന്നു മില്ലറുടെ ശ്രമം. ഫുള്‍ടോസ് പന്ത് മില്ലര്‍ അടിച്ച പന്ത് സിക്‌സറായി എന്നുതന്നെ എല്ലാവരും കരുതി. എന്നാല്‍ ലോങ് ഓണ്‍ ബൗണ്ടറിയില്‍ ഓടിയെത്തിയ സൂര്യ അവിശ്വസനീയമായി പന്ത് കൈക്കുള്ളിലാക്കുകയായിരുന്നു.