കോഴിക്കോട്: ഉത്തരക്കടലാസ് തിരുത്തുകയും വിദ്യാര്‍ത്ഥികള്‍ക്ക് പകരം പരീക്ഷ എഴുതുകയും ചെയ്ത സംഭവത്തില്‍ ഒളിവിലായിരുന്ന അധ്യാപകരില്‍ ഒരാള്‍ കീഴടങ്ങി. പരീക്ഷ ഡെപ്യൂട്ടി ചീഫും ചേന്ദമംഗലൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനുമായ പി.കെ ഫൈസലാണ് കീഴടങ്ങിയത്. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. മുക്കം പോലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി നാല് വകുപ്പുകള്‍ പ്രകാരമാണ് കേസ്. കേസില്‍ മറ്റ് രണ്ട് പേരും ഒളിവിലാണ്.
പരീക്ഷ ചീഫ് സൂപ്രണ്ടും നീലേശ്വരം സ്‌കൂള്‍ പ്രിന്‍സിപ്പലുമായ കെ റസിയ, അഡീഷണല്‍ ഡെപ്യൂട്ടി ചീഫ് നിഷാദ് വി മുഹമ്മദ്, ചേന്നമംഗലൂര്‍ സ്‌കൂളിലെ അദ്ധ്യാപകനും പരീക്ഷ ഡെപ്യൂട്ടി ചീഫുമായ പി കെ ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സ്‌കൂളിലെ പ്ലസ്ടു സയന്‍സ് വിഭാഗത്തിലെ മൂന്ന് കുട്ടികളുടെ ഉത്തരക്കടലാസുകള്‍ പൂര്‍ണ്ണമായും മാറ്റി എഴുതിയെന്നും പ്ലസ് വണ്ണിലെ 32 ഉത്തരക്കടലാസുകളില്‍ അധ്യാപകന്‍ തിരുത്തല്‍ വരുത്തിയെന്ന് കണ്ടെത്തിയിരുന്നു.