രാംപുരഹട്ട്: ശസ്ത്രക്രിയക്കിടെ ഇരുപ്പത്തിയൊമ്പതുകാരിയുടെ വയറ്റില്‍ നിന്നു കണ്ടെത്തിയ വസ്തുക്കള്‍ കണ്ട് ഡോക്ടര്‍മാര്‍ ഞെട്ടി. ഒന്നര കിലോ വരുന്ന ആഭരണങ്ങളും 90 നാണയങ്ങളുമാണ് യുവതിയുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയത്. പശ്ചിമബംഗാളിലെ ബിര്‍ബൂമിലെ രാംപുരഹട്ടിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ബുധനാഴ്ച നടന്ന മര്‍ഗ്രാം സ്വദേശിനിയായ യുവതിയുടെ ശസ്ത്രക്രിയയിലാണ് വയറ്റില്‍ നിന്നും വിചിത്ര വസ്തുക്കള്‍ കണ്ടെത്തിയത്. യുവതിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി ഡോക്ടര്‍ പറഞ്ഞു.
മാല, മൂക്കുത്തി, കമ്മല്‍, വളകള്‍, പാദസരം തുടങ്ങിയ ആഭരണങ്ങളും അഞ്ച്, പത്ത് രൂപയുടെ 90 നാണയങ്ങളുമാണ് യുവതിയുടെ വയറ്റില്‍നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. അതേസമയം വയറ്റില്‍ നിന്നും പുറത്തെടുത്ത ആഭരണങ്ങളില്‍ ചിലത് സ്വര്‍ണം കൊണ്ടുള്ളതാണ്.
അതേസമയം യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി ഇവരുടെ അമ്മ പറഞ്ഞു. കഴിഞ്ഞ കുറേ ദിവസങ്ങളായി അക്രമ വാസന കാട്ടുകയും വീട്ടുപകരണങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. കൂടാതെ വീട്ടില്‍ നിന്നും ആഭരണങ്ങള്‍ കാണാതാവുന്നതും പതിവായിരുന്നു. എന്നാല്‍ ഇതിനെ കുറിച്ച് ചോദിച്ചാല്‍ കരയുമായിരുന്നെന്നും അമ്മ പറഞ്ഞു. തുടര്‍ന്ന് രഹസ്യമായി മകളെ നിരീക്ഷിച്ചപ്പോഴാണ് ആഭരണങ്ങള്‍ വിഴുങ്ങുന്നതാണെന്ന് മനസ്സിലാക്കിയത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നെന്നും യുവതിയുടെ അമ്മ പറഞ്ഞു.