‘എറണാകുളം അങ്ങെടുക്കുവോ?’ വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് സുരേഷ് ഗോപി നല്‍കിയ മറുപടി
‘ഈ തൃശൂര്‍ ഞാനിങ്ങെടുക്കുവാ’ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ തൃശൂരിലെ സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ പ്രചാരണത്തിലെ മാസ് ഡയലോഗ് അത്രപെട്ടെന്ന് ഒന്നും ആരും മറക്കില്ല. ഈ പ്രസംഗം ട്രോളുകളില്‍ മാത്രമല്ല സിനിമയില്‍ വരെ തമാശയായി വന്നു. നിയമസഭാ ഉപതെരഞ്ഞുടപ്പില്‍ പ്രചാരണത്തിനെത്തിയ സുരേഷ് ഗോപിയോട് ഒരു കുട്ടി ആരാധകന്‍ ചോദിച്ചപ്പോള്‍ രസകരമായിട്ടായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
സുരേഷ് ഗോപി എംപിയോടു ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഓര്‍മയിലൊരു കുസൃതിച്ചോദ്യമൊളിപ്പിച്ചാണ് കുട്ടി ആരാധകന്‍ താരത്തിന്റെ മുമ്പിലെത്തിയത്. എറണാകുളം അങ്ങെടുക്കുവോ? എന്നായിരുന്നു സ്‌കൂള്‍ വിദ്യാര്‍ഥിയുടെ ചോദ്യം. ഉടന്‍ വന്നു താരത്തിന്റെ മറുപടി: ‘എറണാകുളം മാത്രമല്ല, കേരളം മുഴുവന്‍ ഞങ്ങള്‍ ഇങ്ങെടുക്കുവാ.’
എന്‍ഡിഎ സ്ഥാനാര്‍ഥി സി.ജി രാജഗോപാലിന്റെ പ്രചാരണത്തിനായി എത്തിയ താരം എല്ലാവരെയും കൈയിലെടുത്തു. നികത്തില്‍ കോളനി സന്ദര്‍ശനത്തിലൂടെയാണ് സുരേഷ് ഗോപി പ്രചാരണ പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്നു തേവര കോളജിലെത്തി പ്രിന്‍സിപ്പല്‍ ഡോ. പ്രശാന്ത് പാലയ്ക്കാപ്പിള്ളി, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.