EntertainmentKeralaNews

ജ​ഗതിക്ക് ഓണക്കോടി സമ്മാനിച്ച് സുരേഷ് ​ഗോപി, വീഡിയോ

തിരുവനന്തപുരം:ജഗതി ശ്രീകുമാറിന് ഓണക്കോടി സമ്മാനിച്ച് സുരേഷ് ഗോപി. തിരുവനന്തപുരത്തെ ജഗതിയുടെ വീട്ടിലെത്തിയാണ് സുരേഷ് ഗോപി സൌഹൃദ സന്ദര്‍ശനം നടത്തിയത്. ജഗതിയുടെ അഭിനയ ജീവിതത്തെക്കുറിച്ച് രമേശ് പുതിയമഠം എഴുതിയ ജഗതി എന്ന അഭിനയ വിസ്‍മയം എന്ന പുസ്‍തകത്തിന്‍റെ പ്രകാശനവും സുരേഷ് ഗോപി നിര്‍വ്വഹിച്ചു.

സന്ദര്‍ശനത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സുരേഷ് ഗോപിയെ പുഞ്ചിരിയോടെ വരവേല്‍ക്കുന്ന ജഗതിയെ വീഡിയോയില്‍ കാണാം. പ്രകാശനം ചെയ്‍ത പുസ്‍തകം ജഗതിക്കൊപ്പം മറിച്ചുനോക്കി, അദ്ദേഹത്തിനും വീട്ടുകാര്‍ക്കുമൊപ്പം അല്‍പസമയം ചിലവഴിച്ചതിനു ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്.

2012 ല്‍ സംഭവിച്ച വാഹനാപകടത്തിനു ശേഷം അഭിനയത്തില്‍ നിന്ന് ഏഴ് വര്‍ഷത്തോളം വിട്ടുനിന്നിരുന്നു ജഗതി. 2019ല്‍ ഒരു പരസ്യചിത്രത്തിനു വേണ്ടി ജഗതി ക്യാമറയ്ക്കു മുന്നിലേക്ക് എത്തി. പിന്നാലെ ഈ വര്‍ഷം പുറത്തെത്തിയ സിബിഐ സിരീസിലെ അഞ്ചാം ചിത്രത്തില്‍ ജഗതി സ്വന്തം കഥാപാത്രം വിക്രമായിത്തന്നെ എത്തിയിരുന്നു. ജഗതിയുടെ സാന്നിധ്യത്തിന് ആവേശകരമായ പ്രതികരണമാണ് സിനിമാപ്രേമികളില്‍ നിന്ന് ലഭിച്ചത്.

അതേസമയം കരിയറിലെ വലിയ ബോക്സ് ഓഫീസ് വിജയങ്ങളിലൊന്ന് നേടിയതിന്‍റെ ആഹ്ലാദത്തിലാണ് സുരേഷ് ഗോപി. ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തിയ ചിത്രത്തിന്‍റെ സംവിധാനം ജോഷി ആയിരുന്നു. ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവർ ചേർന്ന് നിര്‍മ്മിച്ച ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരും അഭിനയിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button