KeralaNews

കരുണാകരനോട് ആരാധന, ഇന്ദിരാഗാന്ധി ഭാരതത്തിന്‍റെ മാതാവ്’; കരുണാകരന്‍റെ സ്മൃതികുടീരത്തിലെത്തി സുരേഷ് ഗോപി

തൃശൂർ: കെ കരുണാകരന്‍റെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മുരളീമന്ദിരം സന്ദർശിച്ചതിൽ രാഷ്ട്രീയമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗുരുത്വം നിർവഹിക്കാനാണ് എത്തിയത്. കേരളത്തിലെ കോണ്‍ഗ്രസിന്‍റെ പിതാവാണ് കരുണാകരൻ. ശാരദ ടീച്ചറിന് മുന്നേ തനിക്ക് കിട്ടിയ അമ്മയാണ് കല്ല്യാണിക്കുട്ടിയമ്മയെന്നും സുരേഷ് ഗോപി പറഞ്ഞു.

ഇന്ദിരാ ഗാന്ധിയെയും സുരേഷ് ഗോപി പുകഴ്ത്തി. ഭാരതത്തിന്റെ മാതാവാണ് ഇന്ദിരാഗാന്ധി. ഇന്ദിരാഗാന്ധിയെ ദീപസ്തംഭം എന്ന് വിശേഷിപ്പിച്ച സുരേഷ് ഗോപി, ഇന്ദിരാഗാന്ധി എന്ന ദീപസ്തംഭത്തിലുള്ള കരുണാകരന്റ സ്വാധീനം കേരളത്തിന് നന്മയായി ഭവിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ധീരനായ ഭരണകർത്താവ് എന്ന നിലയിൽ കരുണാകരനോട് ആരാധനയുണ്ട്. കേന്ദ്ര മന്ത്രി എന്ന പദവിയിൽ ഇരുന്നുകൊണ്ട് ഗുരുത്വം നിർവഹിക്കാനാണ് മുരളീ മന്ദിരത്തിൽ എത്തിയതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

2019ൽ തൃശൂരിൽ സ്ഥാനാർത്ഥിയായ സമയത്ത് തന്നെ മുരളീ മന്ദിരത്തിൽ വന്നോട്ടെയെന്ന് പത്മജയോട് അപേക്ഷിച്ചിരുന്നു. എന്നാൽ അന്നത് പാടില്ല എന്നാണ് പത്മജ പറഞ്ഞത്. തന്റെ പാർട്ടിക്കാരോട് എന്ത് പറയും എന്നാണ് പത്മജ ചോദിച്ചത്. അന്ന് താനത് മാനിച്ചു.

ഇന്ന് കേന്ദ്രമന്ത്രി എന്ന സ്ഥാനത്തിരുന്ന് കൊണ്ടാണ് ഇവിടെ എത്തിയത്. അത് കെ മുരളീധരനോ മറ്റാർക്കെങ്കിലുമോ തടയാൻ ആവില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കെ റെയിൽ വേണ്ടെന്നും അത് ജനദ്രോഹമാണെന്നും സുരേഷ് ഗോപി പറഞ്ഞു. വികസനത്തിൽ പ്രാദേശികവാദം അനുവദിക്കില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button