ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേർക്കുന്ന, വിശാല മന്ത്രിസഭാ യോഗം ഇന്ന് നടക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചിരിക്കുന്നതെങ്കിലും കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിച്ചേക്കുമെന്ന അഭ്യൂഹം ശക്തമാണ്. പ്രഗതി മൈതാനിയിലെ കൺവെൻഷൻ സെന്ററിൽ വൈകിട്ട് നാല് മണിക്കാണ് യോഗം. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതൃനിരയിലും കാര്യമായ അഴിച്ചുപണിക്ക് സാധ്യതയുണ്ടെന്നാണ് സൂചന.
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടേത് ഉൾപ്പടെയുള്ള വകുപ്പുകളിൽ മാറ്റത്തിന് ആലോചനയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തിൽ നിന്ന് അഭിനേതാവും ബിജെപി നേതാവുമായ സുരേഷ് ഗോപി, മെട്രോമാൻ ഇ ശ്രീധരൻ തുടങ്ങിയവരുടെ പേരുകൾ നേതൃത്വം ചർച്ച ചെയ്തതായി അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. മുൻ രാജ്യസഭാ എംപിയായ സുരേഷ് ഗോപിയെ മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നു എന്ന വാർത്ത കേരള നേതൃത്വം സ്ഥിരീകരിച്ചിട്ടില്ല.
മന്ത്രിസ്ഥാനത്തെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നാണ് സംസ്ഥാന നേതൃത്വം പറയുന്നത്. സുരേഷ് ഗോപി മന്ത്രിയാകാൻ യോഗ്യനാണെന്ന് ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ് പറഞ്ഞിരുന്നു. യോഗ്യതയുള്ളവർ ധാരാളമുണ്ട്, പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തീരുമാനമെടുക്കേണ്ടത്. ഒരു സീറ്റുപോലുമില്ലെങ്കിലും കേന്ദ്രസർക്കാർ കേരളത്തിന് പ്രത്യേക പരിഗണന നൽകിയിട്ടുണ്ടെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു.
സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്ന അഭ്യൂഹം തള്ളാതെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചത്. സുരേഷ് ഗോപി കേന്ദ്ര മന്ത്രിയായാൽ പ്രയോജനം കേരളത്തിനാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ഒരു കേന്ദ്ര മന്ത്രി കൂടി വന്നാൽ സാധ്യത സുരേഷ് ഗോപിക്കായിരിക്കും. അദ്ദേഹം മന്ത്രിയായാൽ ഇരട്ടി മധുരമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. കേന്ദ്രമന്ത്രി സ്ഥാനത്തിരുന്ന് സുരേഷ് ഗോപി തൃശൂരിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചാൽ വിജയിക്കാനാകുമെന്ന വിലയിരുത്തലിലാണ് ബിജെപി.
മന്ത്രിസഭ പുനഃസംഘടന മാത്രമല്ല പാർട്ടിക്കുള്ളിലും അഴിച്ചുപണി വേണമെന്ന ചർച്ചകൾ സജീവമാണെന്നാണ് വിവരം. തെരഞ്ഞെടുപ്പിന് മുന്നോടിയായി പല സംസ്ഥാനങ്ങളിലെയും അധ്യക്ഷന്മാരെ മാറ്റുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ പരിഗണനയിലുണ്ടെന്നാണ് സൂചന. എന്നാൽ, കേരളത്തിൽ പുനഃസംഘടന ഇല്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് അറിയിച്ചിരുന്നു. കെ സുരേന്ദ്രൻ തന്നെ പാർട്ടിയെ തുടർന്നും നയിക്കും. പ്രവർത്തകർ പുന:സംഘടനയെ കുറിച്ച് ആവലാതിപ്പെടരുത്. പാർട്ടി പുന:സംഘടനയില്ലെന്ന് ദേശീയ നേതൃത്വം അറിയിച്ചിട്ടുണ്ടെന്നും എം ടി രമേശ് പറഞ്ഞിരുന്നു.