പൗരത്വ ഭേദഗതി നിയമത്തിന് സ്‌റ്റേ ഇല്ല; കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്
ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ ദേശീയ പൗരത്വ നിയമം സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ കൂടുതല്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനു നോട്ടീസ് അയയ്ക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. ജനുവരി രണ്ടാം വാരത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണു കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കേസ് ജനുവരി 22-ന് വീണ്ടും പരിഗണിക്കും. 60 ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയ്ക്കു വന്നത്. ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്‌ഡെയുടെ അധ്യക്ഷതയില്‍ ജസ്റ്റീസുമാരായ ബി.ആര്‍. ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ചാണു കേസുകള്‍ പരിഗണിച്ചത്. രാജ്യത്തെ ഒട്ടുമിക്ക പ്രതിപക്ഷ പാര്‍ട്ടികളും അവയുടെ പ്രതിനിധികളും സന്നദ്ധസംഘടനകളും സാമൂഹികപ്രവര്‍ത്തകരുമെല്ലാം ഹര്‍ജി നല്‍കിയിട്ടുണ്ട്. മുസ്ലിം ലീഗ് നല്‍കിയ ഹര്‍ജിക്കാണു പ്രാധാന്യം. ഹര്‍ജിക്കാര്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് വാദങ്ങള്‍ നയിച്ചത്.