ന്യൂഡല്‍ഹി: മരട് ഫ്ളാറ്റുടമകളുടെ നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് സ്വത്തുവകകളുടെ മൂല്യം കണക്കാക്കി ജസ്റ്റിസ് ബാലകൃഷ്ണന്‍ സമിതിയെ അറിയിക്കാന്‍ കെട്ടിട നിര്‍മാതാക്കള്‍ക്ക് സുപ്രീം കോടതി നിര്‍ദേശം. നാലാഴ്ചയ്ക്കകം നിര്‍ദേശം നടപ്പാക്കണമെന്ന് ജസ്റ്റിസ് നവീന്‍ സിന്‍ഹ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
വസ്തുക്കള്‍ വിറ്റുമാത്രമേ നഷ്ടപരിഹാരം നല്‍കാന്‍ സാധിക്കുകയുള്ളുവെന്ന് കെട്ടിട നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചു. പൊളിച്ചു മാറ്റിയ ഫ്ളാറ്റുകളുടെ ഉടമകള്‍ക്ക് 62 കോടി 25 ലക്ഷം രൂപ പ്രാഥമിക നഷ്ടപരിഹാരമായി നല്‍കിയെന്നും, അഞ്ച് കോടിയില്‍പ്പരം രൂപ മാത്രമാണ് നിര്‍മാതാക്കള്‍ ഇതുവരെ കെട്ടിവച്ചതെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയത്. ബാക്കി തുക ഈടാക്കി നല്‍കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
ജസ്റ്റിസുമാരായ നവീന്‍ സിന്‍ഹ, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് മരട് ഫ്‌ളാറ്റുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ചത്. പൊളിച്ചുമാറ്റിയ ഫ്‌ളാറ്റുകളുടെ ഉടമകള്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാരത്തിന്റെ പകുതിത്തുക കെട്ടിവയ്ക്കാന്‍ കെട്ടിട നിര്‍മാതാക്കള്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു.