FeaturedHome-bannerKeralaNews

സുനിൽ കനുഗൊലു: കർണാടകത്തിൽ കോൺഗ്രസ് ജയത്തിന്റെ തന്ത്രം മെനഞ്ഞ രാഷ്ട്രീയ തന്ത്രജ്ഞൻ

ബെംഗലൂരു: തെരഞ്ഞെടുപ്പ് വിജയങ്ങൾക്ക് രാഷ്ട്രീയ കുടിലത പോരെന്നും പ്രൊഫഷണലുകളായ തെരഞ്ഞെടുപ്പ് തന്ത്രജ്ഞർ തന്നെ വേണമെന്നും വ്യക്തമായ കാലമാണ്. ഇത് വളരെ വൈകി മനസിലാക്കിയ രാഷ്ട്രീയപ്പാർട്ടിയാണ് കോൺഗ്രസ്. രാജ്യമാകെ പ്രശസ്തിയാർജ്ജിച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ വലംകൈയായിരുന്ന സുനിൽ കനുഗൊലുവിനെ രംഗത്തിറക്കിയാണ് ഇക്കുറി കോൺഗ്രസ് കർണാടക തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം സ്വന്തമാക്കിയത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളിൽ വീഴാതിരിക്കാനും, എതിരാളികളെ തങ്ങളുടെ വഴിയേ എത്തിക്കാനും സുനിൽ കനുഗൊലുവിന്റെ തന്ത്രങ്ങൾക്ക് സാധിച്ചു.

ബിജെപി സർക്കാരിന്റെ അഴിമതി തുറന്നുകാട്ടിയതാണ് കോൺഗ്രസിന് ഇത്തവണ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടാൻ സഹായമായത്. ഭാരത് ജോഡോ യാത്രയുടെ ഘട്ടത്തിൽ തന്നെ സംസ്ഥാനത്തെമ്പാടും സ്കാൻ ബോർഡ് വെച്ച് പേ സിഎം എന്ന ക്യാമ്പയിൻ കോൺഗ്രസ് നടത്തിയിരുന്നു. ഇതിന്റെ പിന്നണിയിൽ സുനിൽ കനുഗൊലുവായിരുന്നു. സംസ്ഥാനമാകെ ബിജെപി സർക്കാരിനെതിരായ അഴിമതി ആരോപണങ്ങൾ ജനശ്രദ്ധയിലേക്ക് എത്തിക്കാൻ ഈ പ്രചാരണത്തിലൂടെ സാധിച്ചു.

അമിത് ഷാക്ക് ഒപ്പമായിരുന്നു സുനിൽ കനുഗൊലുവിന്റെ തുടക്കം. 2012 മുതൽ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായി അദ്ദേഹം രംഗത്തിറങ്ങി. നിരവധി തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ഒപ്പം പ്രശാന്ത് കിഷോറിന്റെ വലംകൈയായി സുനിൽ കനുഗൊലു പ്രവർത്തിച്ചു. പിന്നീട് തമിഴ്നാട്ടിൽ എംകെ സ്റ്റാലിനെയും സഹായിച്ചു. എന്നാൽ ഈ ബന്ധം ഏറെ നീണ്ടില്ലെന്ന് മാത്രമല്ല, തെറ്റിപ്പിരിയുകയും ചെയ്തു.

ബിജെപി വിട്ട പ്രശാന്ത് കിഷോർ ഈയടുത്ത് കോൺഗ്രസിൽ ചേരാനുള്ള ശ്രമം നടത്തിയപ്പോൾ സുനിൽ കനഗോലുവും ഒപ്പമുണ്ടായിരുന്നു. കോൺഗ്രസ് ഹൈക്കമാന്റിന് പ്രശാന്ത് കിഷോറിനെ ഒപ്പം ചേർക്കണമെന്ന് ഉണ്ടായിരുന്നെങ്കിലും നേതൃത്വത്തിൽ പലർക്കും അതിനോട് താത്പര്യമില്ലായിരുന്നു. പ്രശാന്ത് മുന്നോട്ട് വെച്ച ഡിമാന്റുകൾ അംഗീകരിക്കാനാവില്ലെന്ന വാദം ശക്തമായതോടെ, രാജ്യത്തെ പ്രധാന തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്റെ കോൺഗ്രസ് പ്രവേശനം അസ്ഥാനത്തായി. ഈ ഘട്ടത്തിലൊന്നും സുനിൽ കനഗോലുവിന്റെ പേര് കോൺഗ്രസ് ക്യാംപിൽ പരാമർശിക്കപ്പെട്ടിരുന്നില്ല. എന്നാൽ പ്രശാന്ത് കിഷോർ പിന്മാറിയതോടെ സുനിൽ കനഗോലുവിനെ കോൺഗ്രസിന്റെ ഭാഗമാക്കാൻ നേതൃത്വത്തിന് കഴിഞ്ഞു.

ഇദ്ദേഹത്തിന് ആദ്യം നൽകിയ ചുമതല തന്നെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം നേടുകയെന്നതായിരുന്നു. അതാണിപ്പോൾ വിജയം കണ്ടിരിക്കുന്നത്. ബിജെപിയേക്കാൾ ഇരട്ടിയിലേറെ സീറ്റുകൾ നേടി വിജയിക്കാനായത് കോൺഗ്രസിന് കരുത്ത് പകർന്നു. തൊട്ടടുത്ത് കിടക്കുന്ന കേരളത്തിലേക്ക് സുനിൽ കനഗോലുവിനെ അയക്കണമെന്ന ആവശ്യം പാർട്ടി നേതൃത്വത്തിന് മുന്നിലുണ്ട്. കേരളത്തിലെ ഓരോ മണ്ഡലത്തിലും സർവേ നടത്തി ആരെ നിർത്തിയാൽ ജയിക്കാമെന്ന് കണ്ടെത്തണമെന്നാണ് ആവശ്യം. എന്നാൽ ഈ കാര്യത്തിൽ പാർട്ടി ദേശീയ നേതൃത്വം തീരുമാനത്തിലെത്തിയിട്ടില്ല.

അതേസമയം സുനിൽ കനഗോലുവിനെ വരാനിരിക്കുന്ന മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, രാജസ്ഥാൻ തെരഞ്ഞെടുപ്പുകളുടെ ചുമതല നൽകിയിരിക്കുകയാണ് പാർട്ടി നേതൃത്വം. കർണാടകത്തിലേത് പോലെ മറ്റ് മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസ് വെന്നിക്കൊടി പാറിക്കുകയെന്ന ലക്ഷ്യമാണ് ഇദ്ദേഹത്തിന് മുന്നിലുള്ളത്. വൈകാതെ സുനിൽ കനഗോലു കേരളത്തിലുമെത്തുമെന്ന പ്രതീക്ഷയാണ് കോൺഗ്രസ് നേതാക്കൾക്കുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button