തിരുവനന്തപുരം: ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഒരു ദിവസമെങ്കിലും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ തുടരുന്നത് നല്ലതാണെന്ന് അദ്ദേഹം വ്യക്തമാക്കി. രോഗവ്യാപന കേന്ദ്രങ്ങളായി മാറിയ പ്രദേശങ്ങള്‍ അണുവിമുക്തമാക്കാന്‍ നിര്‍ദേശമുണ്ട്.
അതേസമയം സംസ്ഥാനത്ത് ജൂണ്‍ എട്ടുമുതല്‍ ആരാധനാലയങ്ങള്‍ തുറക്കും. ആരാധനാലയങ്ങളിലെ ചടങ്ങുകളില്‍ കരസ്പര്‍ശം പാടില്ല. ആരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ചും സാമൂഹികഅകല നിബന്ധന പാലിച്ചും ഒരുസമയം എത്രപേര്‍ എത്തണമെന്ന കാര്യത്തില്‍ ക്രമീകരണം ഉണ്ടാകും. ആറടി അകലം ആരാധനാലയങ്ങളിലും ബാധകമാണ്. വിഗ്രഹം, വിശുദ്ധപുസ്തകം തുടങ്ങിയവയില്‍ തൊടാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.
അതേസമയം കേരളത്തില്‍ 111 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 40 പേര്‍ക്കും മലപ്പുറം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും എറണാകുളം ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കൊല്ലം ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇതില്‍ 50 പേര്‍ വിദേശത്ത് നിന്നും (യു.എ.ഇ.-22, കുവൈറ്റ്-15, സൗദി അറേബ്യ-4, താജിക്കിസ്ഥാന്‍-4, ഒമാന്‍-2, ഇറ്റലി-2, ഖത്തര്‍-1) 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ (മഹാരാഷ്ട്ര-25, തമിഴ്നാട്-10, ഡല്‍ഹി-4, ആന്ധ്രാപ്രദേശ്-3, കര്‍ണാടക-3, ഉത്തര്‍പ്രദേശ്-1, ഹരിയാന-1, ലക്ഷദ്വീപ്-1) നിന്നും വന്നതാണ്. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് (പാലക്കാട്-5, മലപ്പുറം-3, തൃശൂര്‍-1, കോഴിക്കോട്-1) രോഗം ബാധിച്ചത്. 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും (മലപ്പുറം-2, തൃശൂര്‍-1) രോഗം സ്ഥിരീകരിച്ചു.
പുതുതായി 5 ഹോട്ട് സ്പോട്ടുകളാണുള്ളത്. വയനാട് ജില്ലയിലെ ബത്തേരി മുന്‍സിപ്പാലിറ്റി, മീനങ്ങാടി, തവിഞ്ഞാല്‍, കോഴിക്കോട് ജില്ലയിലെ മാവൂര്‍, കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. നിലവില്‍ ആകെ 128 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.