തിരുവനന്തപുരം:പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ഒരിക്കൽ പിടിയിലായെങ്കിലും പോലീസിന്റെ പിഴവുകൊണ്ട് രക്ഷപ്പെട്ടെന്ന് മുൻ ഡി.ജി.പി. അലക്സാണ്ടർ ജേക്കബ്. ആളെ തിരിച്ചറിയാതെ പോലീസ് വിട്ടയയ്ക്കുകയായിരുന്നു. താടിവടിച്ച, മുഖത്തെ മറുക് മാറ്റി വേഷപ്രച്ഛന്നനായിട്ടാണ് കുറുപ്പിനെ ആലപ്പുഴ പോലീസ് പിടികൂടിയത്. നാലുമണിക്കൂറിനുശേഷം വിട്ടയച്ചു. അതൊരു പിഴവായി കാണാനാകില്ല. അന്നത്തെ സംവിധാനങ്ങൾവെച്ച് വിരലടയാളം പരിശോധിക്കുന്നതിന് പരിമിതികളുണ്ടായിരുന്നു. നാലുദിവസത്തിനുശേഷമേ ഫലം കിട്ടുകയുള്ളൂ -അലക്സാണ്ടർ ജേക്കബ് പറഞ്ഞു.
കൊല്ലപ്പെട്ടത് ചാക്കോയാണെന്ന് വ്യക്തമായതിന് തൊട്ടുപിന്നാലെയാണ് കുറുപ്പ് പോലീസിന്റെ കൈയ്യിൽപ്പെട്ടത്. ആലപ്പുഴയിൽ കുറുപ്പ് നിർമിച്ചുകൊണ്ടിരുന്ന വീടിന് സമീപത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. സന്യാസിയെപ്പോലെ വേഷം ധരിച്ചൊരാൾ സുകുമാരക്കുറുപ്പിന്റെ പണിതീരാത്ത വീട് നോക്കി നിൽക്കുന്നതുകണ്ടാണ് പോലീസ് ഇയാളെ സ്റ്റേഷനിൽ എത്തിച്ചത്. ചോദ്യംചെയ്തെങ്കിലും സംശയം ഉണ്ടാകാത്തതിനാൽ വിരലടയാളം ശേഖരിച്ചശേഷം വിട്ടയച്ചു. സുകുമാരക്കുറുപ്പിന്റെ വിരലടയാളം എൽ.ഐ.സി. പോളിസിയിൽനിന്ന് പോലീസിന് ലഭിച്ചിരുന്നു. ഇതുമായി ഒത്തുനോക്കിയപ്പോഴാണ് സുകുമാരക്കുറുപ്പാണെന്ന് മനസ്സിലായത്. അപ്പോഴേക്കും ഇയാൾ മുങ്ങിയിരുന്നു. ഭോപാലിലും അയോധ്യയിലും പിന്നീട് പോലീസ് തിരച്ചിൽ നടത്തി. പക്ഷേ, കിട്ടിയില്ല. ഗുരുതരമായ രോഗമുള്ളതിനാൽ ഏറെക്കാലം ജീവിച്ചിരിക്കില്ല. രണ്ടായിരത്തിന് മുന്നേ മരിച്ചിട്ടുണ്ടാകും, അലക്സാണ്ടർ ജേക്കബ് പറഞ്ഞു.
കൊലപാതകം പോലീസ് കണ്ടെത്തിയപ്പോൾ സുകുമാരക്കുറുപ്പ് നാടുവിട്ടുവെന്നാണ് ക്രൈംബ്രാഞ്ച് കേസ് അവസാനിപ്പിച്ച ജോർജ് ജോസഫിന്റെ കണ്ടെത്തൽ. ജോഷി എന്ന പുണെ വിലാസത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് വേഷംമാറി ജീവിച്ച സുകുമാരക്കുറുപ്പ് മരിച്ചെന്ന് സ്ഥിരീകരിച്ചത്. ഭോപാലിലെ റൂട്ട്നാരായൺപൂർ ആശുപത്രിയിൽ 1990 ജനുവരി 14-ന് ഇയാൾ ചികിത്സതേടിയിരുന്നു. 24 മണിക്കൂറിൽ കൂടുതൽ ജീവിക്കാൻകഴിയാത്ത അവസ്ഥയിലായിരുന്നു ഇയാളെന്ന് ഡോക്ടർമാർ പോലീസിനോട് പറഞ്ഞു. ജോഷിയും കുറുപ്പും ഒരാളാണെന്നും കണ്ടെത്തിയിട്ടുണ്ട്. പക്ഷേ, മരണസമയത്തെക്കുറിച്ചും മൃതദേഹം എവിടെ ദഹിപ്പിച്ചുവെന്നുമുള്ള വിവരം പോലീസിന് ലഭിച്ചില്ല.