KeralaNews

ജോലി സമയത്ത് ഓണാഘോഷം വേണ്ടെന്ന് നിർദേശം,​ഓണസദ്യ മാലിന്യത്തിലെറിഞ്ഞ് പ്രതിഷേധം

തിരുവനന്തപുരം: ജോലി ഒഴിവാക്കി ഓണം ആഘോഷിക്കാൻ അനുവദിക്കാത്തതിനെതിരെ തൊഴിലാളികൾ നടത്തിയത് അതിരുവിട്ട പ്രതിഷേധം. മുപ്പതോളം പേർക്ക് കഴിക്കാനുള്ള സദ്യ മാലിന്യത്തിലെറിഞ്ഞാണ് ഇവർ പ്രതിഷേധിച്ചത്.തിരുവനന്തപുരം കോർപറേഷനിലെ ചാലാ സർക്കിളിലെ ഒരു വിഭാഗം ശുചീകരണ തൊഴിലാളികളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സദ്യ എയറോബിക് ബിന്നിൽ ഉപേക്ഷിക്കുന്ന ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. സി.ഐ.ടി.യുവിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടാണ് സദ്യ ഇവർ ഉപേക്ഷിച്ചത്.

ശമ്പളം കിട്ടാതെയും ഓണം സദ്യ പോലും കഴിക്കാൻ ത്രാണിയില്ലാതെയും നിരവധി പേർ നാട്ടിലുള്ള ഈ സാഹചര്യത്തിലും ഭക്ഷണം വലിച്ചെറിഞ്ഞ തൊഴിലാളികൾക്കെതിരെ വിമർശനങ്ങൾ ഉയരുകയാണ്. ധിക്കാരം നിറഞ്ഞ പ്രതിഷേധമെന്നാണ് ആളുകൾ പറയുന്നത്.തിരുവനന്തപുരം കോർപ്പറേഷനിലെ സർക്കിൾ ഓഫീസുകളിൽ കഴിഞ്ഞ ദിവസമായിരുന്നു ഓണാഘോഷം. ഓഫീസ് പ്രവർത്തനത്തെ ബാധിക്കാത്ത തരത്തിൽ വേണം ആഘോഷിക്കാനെന്ന് സെക്രട്ടറി നിർദേശം നൽകിയിരുന്നു.

ഇന്നലെ രാവിലെ തന്നെ ഓണാഘോഷം തുടങ്ങാൻ ശ്രമിച്ചപ്പോൾ ജോലി കഴിഞ്ഞ് മതിയെന്ന് ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു. ഇതോടെയാണ് തൊഴിലാളികൾ പ്രതിഷേധത്തിലേക്ക് കടന്നത്. ഓണാഘോഷം തടയാൻ ഉദ്യോഗസ്ഥർ ശ്രമിച്ചതിലുള്ള പ്രതിഷേധമെന്നാണ് യൂണിയൻ വിശദമാക്കുന്നത്. ജീവനക്കാരുടെ ഓണാഘോഷം പൊളിക്കുകയായിരുന്നു ഉദ്യോഗസ്ഥരുടെ ലക്ഷ്യമെന്നും ഇവർ ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button