29.5 C
Kottayam
Monday, May 13, 2024

പകരക്കാരനായി വന്നു, പിന്നാലെ റെക്കോഡ് സ്വന്തമാക്കി; കണ്ണീരോടെ മടങ്ങി റൊണാള്‍ഡോ

Must read

ദോഹ: അന്താരാഷ്ട്ര ഫുട്‌ബോളില്‍ പുതിയ റെക്കോഡ് സ്വന്തമാക്കി പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഏറ്റവുമധികം അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരങ്ങള്‍ കളിക്കുന്ന പുരുഷതാരം എന്ന റെക്കോഡാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്.

2022 ഖത്തര്‍ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ മൊറോക്കോയ്‌ക്കെതിരേ പോര്‍ച്ചുഗലിനായി പകരക്കാരനായി വന്നതോടെയാണ് റൊണാള്‍ഡോ റെക്കോഡ് നേടിയത്. ഇന്ന് കളിക്കാനിറങ്ങിയതോടെ റൊണാള്‍ഡോ കുവൈറ്റിന്റെ ബദര്‍ അല്‍ മുത്തവയുടെ റെക്കോഡിനൊപ്പമെത്തി.

196 മത്സരങ്ങളാണ് റൊണാള്‍ഡോയുടെ അക്കൗണ്ടിലുള്ളത്. ബദറും ഇത്രയും മത്സരങ്ങളാണ് കളിച്ചിരിക്കുന്നത്. അന്താരാഷ്ട്ര കുപ്പായത്തില്‍ ഒരു തവണ കൂടി കളിച്ചാല്‍ റൊണാള്‍ഡോയ്ക്ക് റെക്കോഡ് സ്വന്തം പേരിലാക്കാം.

അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവുമധികം ഗോളടിച്ചതിന്റെ റെക്കോഡ് റൊണാള്‍ഡോയുടെ പേരിലാണ്. 118 ഗോളുകളാണ് താരം രാജ്യത്തിനായി അടിച്ചുകൂട്ടിയത്.

ഫിഫ ലോകകപ്പില്‍ സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമായി മൊറോക്കോ ചരിത്രമെഴുതിയപ്പോള്‍ വിരാമമാവുന്നത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന സിആര്‍7ന്‍റെ അഞ്ച് ലോകകപ്പ് നീണ്ട ഐതിഹാസിക കരിയറിനാണ്. 20 വര്‍ഷത്തോളം പോര്‍ച്ചുഗല്‍ പടയെ നയിച്ച് ലോകം ചുറ്റിയ റൊണാള്‍ഡോയുടെ അവസാന ലോകകപ്പ് കണ്ണീര്‍ മടക്കമായി. എക്കാലത്തെയും മികച്ച പുരുഷ ഗോളടിവീരനായി പേരെടുത്തിട്ടും അവസാന മത്സരങ്ങളില്‍ ബഞ്ചിലിരുന്ന് ആരാധകരെ പോലും കരയിച്ച റൊണാള്‍ഡോ വിങ്ങിപ്പൊട്ടിയാണ് മൊറോക്കോയ്ക്ക് എതിരായ ക്വാര്‍ട്ടര്‍ മത്സരം കഴിഞ്ഞ് ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയത്. 

ഖത്തര്‍ ലോകകപ്പിലെ ക്വാര്‍ട്ടറില്‍ മൊറോക്കോയുടെ ഒറ്റ ഗോളില്‍ പോര്‍ച്ചുഗല്‍ പുറത്താവുമ്പോള്‍ ക്രിസ്റ്റ്യാനോയുടെ ലോകകപ്പ് കരിയറിനാണ് വിരാമമായത്. വേഗവും താളവും കുറഞ്ഞ മുപ്പത്തിയേഴുകാരനായ റൊണാള്‍ഡോയ്‌ക്ക് അടുത്തൊരു ലോകകപ്പ് സ്വപ്‌നം കാണാന്‍ പോലും കഴിയില്ല. ഖത്തറിലെ ക്വാര്‍ട്ടറില്‍ മൊറോക്കോയ്‌ക്കെതിരെ 51-ാം മിനുറ്റില്‍ പകരക്കാനായി റോണോ കളത്തിലെത്തി. പക്ഷേ ലോകകപ്പ് നോക്കൗട്ടില്‍ ഗോള്‍ നേടാനായിട്ടില്ല എന്ന ചരിത്രം തിരുത്താന്‍ റോണോയ്‌ക്കായില്ല. അഞ്ച് ബാലന്‍ ഡി ഓര്‍ നേടിയ, ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ക്രിസ്റ്റ്യാനോയുടെ ഷോക്കേസില്‍ ലോകകപ്പ് കിരീടമെന്നത് സ്വപ്‌നം മാത്രമായി അവശേഷിക്കുകയാണ്. ഇനിയൊരിക്കലും ഫലിക്കാന്‍ സാധ്യതയില്ലാത്ത സ്വപ്‌നം.  

ലോകകപ്പ് കിരീടം ഉയര്‍ത്താനായില്ലെങ്കിലും ഫിഫ വേദിയില്‍ അസൂയാവഹമായ നേട്ടങ്ങള്‍ക്ക് ഉടമയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 2006, 2010, 2014, 2018, 2022 എന്നിങ്ങനെ അഞ്ച് ലോകകപ്പുകളിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗലിനായി കളിച്ചത്. ലോക വേദിയില്‍ 22 മത്സരങ്ങള്‍ കളിച്ചു. അഞ്ച് ലോകകപ്പുകളിലും ഗോള്‍ നേടുന്ന ആദ്യ പുരുഷ താരം എന്ന നേട്ടം ഖത്തര്‍ ലോകകപ്പിനിടെ സ്വന്തമാക്കി. പക്ഷേ നോക്കൗട്ട് റൗണ്ടുകള്‍ എപ്പോഴും സിആര്‍7ന്‍റെ ഗോളടി മികവിന് മുന്നില്‍ വിലങ്ങുതടിയായി നിന്നു എന്നതാണ് ചരിത്രം. പോര്‍ച്ചുഗലിന്‍റെ കുപ്പായത്തില്‍ 196-ാം മത്സരത്തിനാണ് ക്രിസ്റ്റ്യാനോ ഇന്ന് ഇറങ്ങിയത്. ഇത്രയും മത്സരങ്ങളില്‍ 118 തവണയാണ് രാജ്യാന്തര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ റൊണാള്‍ഡോ വല ചലിപ്പിച്ചത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week