തിരുവനന്തപുരം: കൊവിഡ് നിരീക്ഷണം ലംഘിച്ച് നാടുവിട്ട സബ് കളക്ടര്‍ അനുപം മിശ്രയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ ശിപാര്‍ശയെത്തുടര്‍ന്നാണ് നടപടി. നേരത്തെ, കൊല്ലം കളക്ടറുടെ റിപ്പോര്‍ട്ട് റവന്യൂ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. സബ്കളക്ടര്‍ക്കെതിരെ നടപടി വേണമെന്ന ശിപാര്‍ശയോടെയാണ് കളക്ടര്‍ ബി. അബ്ദുള്‍ നാസര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് മന്ത്രി കൈമാറിയിരുന്നത്.
റിപ്പോര്‍ട്ട് ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ സബ്കളക്ടറെ മുഖ്യമന്ത്രി പിണറായി വിജയന്‍ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. നിരീക്ഷണത്തിലിരിക്കാന്‍ പറഞ്ഞ മാര്‍ച്ച് 19നു തന്നെ ഇദ്ദേഹം കൊല്ലത്തു നിന്ന് പോയെന്ന് കളക്ടര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കളക്ടര്‍ വിളിച്ചപ്പോള്‍ ബംഗളൂരുവിലെന്നാണ് അനുപം മിശ്ര മറുപടി നല്‍കിയിരുന്നത്. ഗുരുതരമായ കൃത്യവിലോപമാണ് സബ്കളക്ടര്‍ നടത്തിയതെന്നും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്‍ ചെയ്യാന്‍ പാടില്ലാത്ത തെറ്റാണിതെന്നും കളക്ടര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണ് സബ്കളക്ടര്‍ നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരുന്നു. സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങിയെത്തിയ സബ്കളക്ടറോട് 14 ദിവസത്തെ നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്നായിരുന്നു നിര്‍ദേശം. ആ നിര്‍ദേശം ലംഘിച്ചാണ് അദ്ദേഹം കാണ്‍പൂരിലേക്ക് കടന്നത്.