ചെന്നൈ: ഇന്ത്യയിലെ മണ്‍സൂണിലെ പെരുമഴക്ക് പിന്നില്‍ ആര്‍ട്ടിക്കിലെ ബട്ടര്‍ഫ്‌ലൈ എഫക്ടാണെന്ന് പഠനം. നേച്ചര്‍ ജേര്‍ണലില്‍ ഇന്ത്യന്‍, നോര്‍വീജയിന്‍ ശാസ്ത്രജ്ഞന്മാര്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് കേരളമുള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ അതിവര്‍ഷത്തിന് ആര്‍ട്ടിക്കിലെ ബട്ടര്‍ഫ്‌ലൈ എഫക്ടിന് പങ്കുണ്ടെന്ന് പറയുന്നത്. ചെറിയ മാറ്റം കൊണ്ടുപോലും വലിയ ഫലങ്ങള്‍ ഉണ്ടാകുന്ന പ്രതിഭാസത്തെയാണ് ബട്ടര്‍ഫ്‌ലൈ എഫക്ട് എന്ന് പറയുന്നത്.
‘എ പൊസിബിള്‍ റിലേഷന്‍ ബിറ്റിവീന്‍ ആര്‍ട്ടിക് സീ ഐസ് ആന്‍ഡ് ലേറ്റ് സീസണ്‍ ഇന്ത്യന്‍ സമ്മര്‍ മണ്‍സൂണ്‍ റെയിന്‍ഫാള്‍ എക്‌സ്ട്രീംസ്'(“A possible relation between Arctic sea ice and late season Indian Summer Monsoon Rainfall extremes”) എന്ന തലക്കെട്ടിലാണ് പഠനം പ്രസിദ്ധീകരിച്ചത്. നാഷണല്‍ സെന്റര്‍ ഫോര്‍ പോളാര്‍ ആന്‍ഡ് ഓഷ്യന്‍ റിസര്‍ച്ചില്‍ ശാസ്ത്രജ്ഞന്‍ സൗരവ് ചാറ്റര്‍ജിയാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ഇന്ത്യയില്‍ നിന്ന് 9000 കിലോമീറ്റര്‍ ദൂരെയാണ് ആര്‍ട്ടിക് സ്ഥിതി ചെയ്യുന്നത്.
”ആര്‍ട്ടിക് മേഖലയിലെ ബാരന്റ്‌സ്-കാര കടലില്‍ വേനല്‍ക്കാലത്ത് ക്രമാതീതമായി മഞ്ഞുരുമ്പോള്‍ ഇന്ത്യയില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ പിന്‍വാങ്ങുന്ന സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ തീവ്രമായ മഴ ലഭിക്കുന്നതായി പഠനത്തില്‍ നിന്ന് വ്യക്തമായി. കടലിലെ മഞ്ഞുരുക്കത്തിന്റെ ഭാഗമായാണ് അന്തരീക്ഷത്തിലെ മാറ്റങ്ങള്‍ സംഭവിക്കുന്നത്. ആര്‍ട്ടിക് അന്തരീക്ഷത്തിലെ മാറ്റവും ഈര്‍പ്പവും ഏഷ്യയിലേക്ക് വ്യാപിക്കുകയാണ്. അതോടൊപ്പം അറബിക്കടലിലെ താപമേറിയ അവസ്ഥയും കൂടിയാകുമ്പോള്‍ വലിയ മഴക്ക് കാരണമാകുന്നു”-സൗരവ് ചാറ്റര്‍ജി പറഞ്ഞു.
ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ മഴ ഡാറ്റയും നാഷണല്‍ സ്‌നോ ആന്‍ഡ് ഐസ് ഡാറ്റയും താരതമ്യപ്പെടുത്തിയാണ് പഠനം നടത്തിയത്. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തെ അസാധാരണമായ പ്രധാന കാരണങ്ങളിലൊന്നെന്ന് പഠനത്തിലെ മറ്റൊരംഗവും ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറിയുമായ എം രവിചന്ദ്രന്‍പറഞ്ഞു. വേനല്‍ക്കാലത്ത് ആര്‍ട്ടിക്കിലെ വലിയ രീതിയിലുള്ള മഞ്ഞുരുക്കം കാരണം അന്തരീക്ഷ ആര്‍ദ്രത വര്ധിക്കുകയും മഴക്ക് അനുകൂലമായ സാഹചര്യമൊരുക്കുന്നതിനും കാരണമായേക്കാമെന്നും അദ്ദേഹം പറഞ്ഞു. ആര്‍ട്ടിക് അന്തരീക്ഷവും സമുദ്രാവസ്ഥയും നിരീക്ഷിക്കുന്നത് മണ്‍സൂണിന്റെ മെച്ചപ്പെട്ട പ്രവചനത്തിന് സഹായകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആര്‍ട്ടിക് മേഖലയാണ് ആഗോളതാപനത്തോട് ഏറ്റവും വേഗത്തില്‍ പ്രതികരിക്കുന്ന പ്രദേശം. ലോകത്താകമാനമുള്ള അതിവര്‍ഷത്തിന് പിന്നില്‍ സമുദ്രത്തിലെ മഞ്ഞുരുക്കവുമായുള്ള പങ്കിനെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കാന്‍ കൂടുതല്‍ പഠനം വേണമെന്നും ഗവേഷകര്‍ പറഞ്ഞു.
ഇന്ത്യയില്‍ ഈ വര്‍ഷം പ്രതീക്ഷിച്ചതിലും അപ്പുറമാണ് മണ്‍സൂണ്‍ മഴ ലഭിച്ചത്. കേരളം, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ അതിവര്‍ഷത്തിന് സാക്ഷ്യം വഹിച്ചു. പൊതുവെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ പിന്‍വാങ്ങുന്ന ഒക്ടോബറിലാണ് കേരളത്തില്‍ അതിവര്‍ഷമുണ്ടായത്. മധ്യകേരള ജില്ലകളില്‍ പലയിടത്തും ഉരുള്‍പൊട്ടലും ആള്‍നാശവുമുണ്ടായി. 2018 മുതല്‍ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ കേരളത്തില്‍ അതിവര്‍ഷമുണ്ടായി.