കോട്ടയം: കോട്ടയം സി.എം.എസ് കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം. രണ്ട് വിദ്യാര്‍ഥികളെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐക്കെതിരെ ക്യാംപസിലെ മറ്റ് കുട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. രാവിലെ ഒമ്പത് മണിയോടെ ക്യാമ്പസില്‍ ആരംഭിച്ച പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. കോളേജില്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രവര്‍ത്തനമല്ല ഗുണ്ടായിസമാണ് നടക്കുന്നതെന്നാണ് എസ്എഫ്‌ഐക്കെതിരെയുള്ള വിദ്യാര്‍ഥികളുടെ ആരോപണം. അതേസമയം കഞ്ചാവ് ഉപയോഗിക്കുന്ന കുട്ടികള്‍ ക്യാമ്പസിനികത്തുണ്ടെന്നും പ്രതിഷേധത്തിന് പിന്നില്‍ അവരാണന്നാണ് എസ്എഫ്ഐ പ്രവര്‍ത്തകരുടെ ആരോപണം.
എസ്എഫ്ഐ പ്രവര്‍ത്തകര്‍ കോളേജില്‍ പ്രവേശിക്കാനെത്തിയപ്പോള്‍ സമരക്കാര്‍ ഗേറ്റ് അടച്ചത്തോടെയാണ് കോളേജിന് മുന്നില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. ഇതോടെ വിദ്യാര്‍ഥികളും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. പത്തോളം വരുന്ന എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗേറ്റ് തള്ളിക്കയറാന്‍ ശ്രമിച്ചെങ്കിലും വിദ്യാര്‍ഥികള്‍ തടഞ്ഞു. മണിക്കൂറുകളായി ക്യാംപസ് ഗേറ്റില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്.
ഇതിനിടെ പോലീസ് ഇടപെട്ട് സംഘര്‍ഷാവസ്ഥ ശമിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പോലീസ് ചെറിയതോതില്‍ ബലപ്രയോഗവും നടത്തി. ഡി.വൈ.എസ്.പി. ആര്‍. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുകയാണ്. അതേസമയം, കഞ്ചാവ് ഉപയോഗിക്കുന്ന കുട്ടികള്‍ ക്യാപംസിനികത്തുണ്ടെന്ന എസ്എഫ്ഐ പ്രവര്‍ത്തകരുടെ ആരോപണം കോളേജ് മാനേജ്മെന്റ് തള്ളി. മറ്റ് കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളേയും കൂട്ടിയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ക്യാമ്പസിലേക്കെത്തിയതെന്ന് അധ്യാപകര്‍ ആരോപിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് കോളേജിന് അവധി പ്രഖ്യാപിച്ചു.