‘അയ്യോ സാറെ പോകല്ലേ..’ സ്ഥലം മാറ്റം കിട്ടി പോകുന്ന അധ്യാപകനെ കെട്ടിപ്പിടിച്ച് വിങ്ങിപ്പൊട്ടി വിദ്യാര്‍ത്ഥികള്‍; കണ്ണുനിറഞ്ഞ് അധ്യാപകനും; വീഡിയോ വൈറല്‍
ഇന്‍ഡോര്‍: സ്‌കൂളില്‍ നിന്ന് സ്ഥലം മാറ്റം കിട്ടി പോകുന്ന തന്നെ ചേര്‍ത്തുപിടിച്ച് തന്റെ പ്രിയ വിദ്യാര്‍ത്ഥികള്‍ കരഞ്ഞപ്പോള്‍ ആ അധ്യാപകനും അധികം നേരം പിടിച്ച് നില്‍ക്കാനായില്ല. സങ്കടം നിയന്ത്രിക്കാനാകാതെ അധ്യാപകന്റെ കണ്ണുകളും നിറഞ്ഞൊഴുകി. സ്ഥലം മാറി പോകുന്ന അധ്യാപകനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്ന വിദ്യാര്‍ത്ഥികളുടേയും വിങ്ങിപ്പൊട്ടുന്ന അധ്യാപകന്റെയും വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.
മധ്യപ്രദേശിലെ കത്നിയിലാണ് സംഭവം. വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രിയങ്കരനായിരുന്നു മങ്കല്‍ ദീന്‍ പട്ടേല്‍ എന്ന അധ്യാപകന്‍. സംസ്ഥാനത്ത് ട്രാന്‍ഫറായ 30,000 അധ്യാപകരില്‍ മങ്കല്‍ ദീന്‍ പട്ടേലും ഉള്‍പ്പെട്ടിരുന്നു. അധ്യാപകന്‍ പിരിഞ്ഞു പോകുന്ന ദിവസം വിദ്യാര്‍ത്ഥികള്‍ നിയന്ത്രണം വിട്ട് കരയുന്നതാണ് വീഡിയോയില്‍. വിദ്യാര്‍ത്ഥികളെ പോലെ അധ്യാപകനും തന്റെ സങ്കടം നിയന്ത്രിക്കാനായില്ല. കുട്ടികളെ ചേര്‍ത്തുപിടിച്ച് അധ്യാപകനും കരയുകയാണ്. സംഭവത്തിന് ദൃക്സാക്ഷിയായ ഒരാള്‍ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു.