കൊച്ചി: മഹാരാജാസ് കോളേജില്‍ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ വിദ്യാര്‍ഥികള്‍ മാപ്പ് പറഞ്ഞു. ഗവേണിങ് കൗണ്‍സിലിന്റെ നിര്‍ദേശപ്രകാരം തിങ്കളാഴ്ച ക്ലാസ് മുറിയില്‍വെച്ചാണ് അധ്യാപകന്‍ സി.യു. പ്രിയേഷിനോട് വിദ്യാര്‍ഥികള്‍ മാപ്പുപറഞ്ഞത്.
സംഭവത്തില്‍ കോളേജ് നിയോഗിച്ച അന്വേഷണ കമ്മിഷനിലെ മൂന്ന് അധ്യാപകരുടെ സാന്നിധ്യത്തിലാണ് വിദ്യാര്‍ഥികള്‍ തങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന കാര്യം അധ്യാപകനെ അറിയിച്ചത്. ഓണം അവധിക്ക് ശേഷം അധ്യാപകനെ നേരില്‍കണ്ട് മാപ്പുപറയാമെന്നായിരുന്നു വിദ്യാര്‍ഥികള്‍ നേരത്തെ കോളേജ് അധികൃതരെ അറിയിച്ചത്. അന്വേഷണ കമ്മീഷനും ഈ ആവശ്യം വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍വെച്ചിരുന്നു.
ക്ലാസ് മുറിയില്‍വെച്ച് അധ്യാപകനെ അപമാനിച്ച വീഡിയോ പുറത്തുവന്നതിന് പിന്നാലെ വിദ്യാര്‍ഥികളുടെ നടപടിക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെ കെഎസ്.യു യൂണിറ്റ് പ്രസിഡന്റ് ഉള്‍പ്പെടെ ആറ് വിദ്യാര്‍ഥികളെ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ പോലീസില്‍ പരാതി ലഭിച്ചെങ്കിലും അധ്യാപകന്‍ പരാതി ഇല്ലെന്ന് അറിയിച്ചതിനാല്‍ നിയമനടപടികള്‍ ഉണ്ടായിരുന്നില്ല.
കഴിഞ്ഞ മാസമാണ് മഹാരാജാസ് കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ പ്രിയേഷിനെ ക്ലാസ് മുറിയില്‍ വച്ച് ചില വിദ്യാര്‍ത്ഥികള്‍ അപമാനിച്ചത്. കാഴ്ച പരിമിതിയുള്ള അധ്യാപകന്‍ ക്ലാസില്‍ പഠിപ്പിക്കുന്ന സമയത്ത് വിദ്യാര്‍ത്ഥികളില്‍ ചിലര്‍ ക്ലാസ് മുറിയില്‍ കളിച്ചും ചിരിച്ചും നടക്കുന്നതിന്റെയും, അനുവാദമില്ലാതെ ക്ലാസില്‍ പ്രവേശിക്കുന്നതിന്റെയും വീഡിയോയാണ് പുറത്ത് വന്നത്. ക്ലാസിലെ ചില വിദ്യാര്‍ത്ഥികള്‍ പകര്‍ത്തിയ വീഡിയോ ദൃശ്യം വലിയ രീതിയില്‍ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.
അതേസമയം, ക്ലാസ് മുറിയിലെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും, സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്ത രണ്ടുപേർക്കെതിരെ കടുത്ത നിലപാടാണ് കോളേജ് കൗൺസിൽ സ്വീകരിച്ചിട്ടുള്ളത്. സമാനമായ തെറ്റ് ആവർത്തിച്ചാൽ ഇരുവരെയും പുറത്താക്കാനാണ് തീരുമാനം. സംഭവത്തിൽ വിദ്യാർത്ഥികളുടെ സസ്പെൻഷൻ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു.