വടകര: ട്രെയിനില്‍ നിന്ന് തലകറങ്ങിവീണ യുവതിയെ സമയോചിത ഇടപെടലിലൂടെ രക്ഷിച്ച് എഞ്ചിനിയറിങ് വിദ്യാര്‍ത്ഥി. പട്ടാമ്പിക്കു സമീപം പരശുറാം എക്‌സ്പ്രസില്‍നിന്ന് തലകറങ്ങി പുറത്തേക്ക് തെറിച്ചുവീണ കോട്ടയം സ്വദേശിനി ജീഷ്ണയാണ് മിന്‍ഹത്ത് എന്ന ചെറുപ്പക്കാരന്റെ ഇടപെടല്‍ കാരണം ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ജിഷ്ണ ട്രെയിനില്‍ നിന്ന് തെറിച്ചുവീണത് കണ്ട മിന്‍ഹത്ത് പെട്ടെന്ന് കയ്യില്‍ പിടിച്ചെങ്കിലും യുവതി തെറിച്ചു വീണു. പിന്നാലെ ചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്തിയാണ് മിന്‍ഹത്ത് യുവതിയെ രക്ഷിച്ചത്.
പട്ടാമ്പിക്ക് അടുത്തെത്തുമ്പോള്‍ ടോയിലറ്റിലേക്ക് പോകുന്നതിനിടെയാണ് ജീഷ്ണ തലകറങ്ങി പുറത്തേക്ക് തെറിച്ചുപോയത്. ഈ സമയം തൊട്ടടുത്തായി മിന്‍ഹത്തുമുണ്ടായിരുന്നു. പുറത്തേക്ക് തെറിച്ച ഉടന്‍ മിന്‍ഹത്ത് ജീഷ്ണയെ പിടിക്കാനായി ആഞ്ഞു. എന്നാല്‍ പിടികിട്ടിയില്ല. ഷാളിലോ മറ്റോ കുടുങ്ങി മിന്‍ഹത്തിന്റെ നഖം മുറിഞ്ഞു. പെട്ടെന്നുതന്നെ അപായച്ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തിച്ചു. തീവണ്ടിക്കുള്ളിലൂടെതന്നെ ഒരുകുട്ടി വീണിട്ടുണ്ടെന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞ് പിറകിലേക്ക് ഓടി.
ജീഷ്ണ വീണ സ്ഥലം തീവണ്ടി പിന്നിട്ടിട്ടുണ്ടായിരുന്നില്ല. കണ്ടയുടന്‍ ജീഷ്ണയെ എടുത്ത് തീവണ്ടിയിലേക്ക് കൊണ്ടുവന്നു. തീവണ്ടിയിലെ മറ്റുയാത്രക്കാരും ഒപ്പംകൂടി. പെട്ടെന്നുതന്നെ ആശുപത്രിയിലെത്തിക്കാന്‍ വാഹനം വേണമെന്ന് പറഞ്ഞു. തീവണ്ടിയില്‍ത്തന്നെ പട്ടാമ്പി സ്റ്റേഷനിലെത്തിച്ച് അവിടെനിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകാമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, സമയം വൈകുമെന്ന് പറഞ്ഞ് മിന്‍ഹത്തുതന്നെ സമീപത്തെ ഒരു ക്വാര്‍ട്ടേഴ്സ് മുറ്റത്ത് കാര്‍ നിര്‍ത്തിയിട്ടതുകണ്ട് അങ്ങോട്ടേക്കുപോയി.
കാറിന്റെ ഉടമയോട് സംഭവം പറഞ്ഞപ്പോള്‍ പെട്ടെന്നുതന്നെ അദ്ദേഹം കാറുമായി വന്നു. ഇതിനിടെ മിന്‍ഹത്ത് ജീഷ്ണയുടെ ഫോണില്‍ നിന്ന് ആരുടെയെങ്കിലും നമ്പര്‍കിട്ടുമോ എന്നുനോക്കി. ലോക്കായതിനാല്‍ തുറക്കാന്‍ പറ്റിയില്ല. ഫോണിലേക്ക് ഒരു സുഹൃത്ത് വിളിച്ചപ്പോള്‍ അവരില്‍നിന്ന് സഹോദരന്റെ നമ്പര്‍ വാങ്ങി വിവരം അറിയിച്ചു. അപ്പോഴേക്കും മറ്റുള്ളവര്‍ കാറില്‍ ജീഷ്ണയെ ആശുപത്രിയിലെത്തിച്ചു. പട്ടാമ്പി ആര്‍പിഎഫില്‍ ബാഗും ഫോണുമെല്ലാം മിന്‍ഹത്ത് ഏല്‍പ്പിച്ചു.
നെറ്റിയിലാണ് ജീഷ്ണയ്ക്ക് മുറിവേറ്റത്. നല്ല രീതിയില്‍ രക്തം പോകുന്നുണ്ടായിരുന്നു. പെട്ടെന്ന് ആശുപത്രിയിലെത്തിച്ചത് നിര്‍ണായകമായി.’ഇപ്പോള്‍ അപകടനിലയെല്ലാം തരണം ചെയ്‌തെന്ന് സഹോദരങ്ങള്‍ വിളിച്ചുപറഞ്ഞിരുന്നു. കുറേ നന്ദിയൊക്കെ പറഞ്ഞു… ‘- മിന്‍ഹത്ത് പറയുന്നു. വടകര പതിയാരക്കരയിലെ കുയ്യാല്‍മീത്തല്‍ മിന്‍ഹത്ത് എന്‍ജിനിയറിങ് ബിരുദധാരിയാണ്. കുയ്യാല്‍ മീത്തല്‍ ഹമീദിന്റെയും നസീമയുടെയും മകനാണ് മിന്‍ഹത്ത്. എറണാകുളത്തുപോയി തിരിച്ചുവരുന്നതിനിടെ വെള്ളിയാഴ്ചയായിരുന്നു സംഭവം.