കൊച്ചി: ആലുവ പെരിയാർ ജങ്ഷനിൽ കെഎസ്ആർടിസി ബസിൽ നിന്ന് വിദ്യാർത്ഥി തെറിച്ചുവീണു. ഒക്കൽ എസ്എൻഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർത്ഥിനി ഫർഹ ഫാത്തിമയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
ആലുവ – പെരുമ്പാവൂർ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിൽ നിന്നാണ് വിദ്യാർത്ഥിനി തെറിച്ചുവീണത്. സ്‌കൂളിലേക്ക് പോകുന്നതിനായി ബസിൽ കയറിയ വിദ്യാർത്ഥി തിരക്കുകാരണം സ്റ്റെപ്പിലായിരുന്നു നിന്നത്. പെരിയാർ ജങ്ഷനിൽ ബസ് നിർത്തിയതോടെ സ്റ്റെപ്പിൽ നിന്നും പെൺകുട്ടി തെറിച്ചുവീഴുകയായിരുന്നു.
അപകടത്തിൽ തലയ്ക്ക് പുറകിലാണ് പെൺകുട്ടിക്ക് പരിക്കേറ്റത്. ഉടൻ തന്നെ റോഡിലുണ്ടായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർ വിദ്യാർത്ഥിനിയെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി.
കൊച്ചി നഗരത്തിൽ അപകടകരമാംവിധം തുറന്നിട്ടിരുന്ന കാനയിൽ വീണ് മൂന്ന് വയസുകാരന് പരിക്കേറ്റു. കൊച്ചിയിലെ പനമ്പിള്ളി നഗറില്‍ ഇന്നലെയാണ് അപകടം ഉണ്ടായത്. ഡ്രെയ്നേഡിന്‍റെ വിടവിലേക്ക് കുട്ടി വീഴുകയായിരുന്നു. അമ്മയുടെ ഇടപെടലിലാണ് കൂടുതൽ അപകടം ഒഴിവാക്കിയത്. കാനയിലേക്ക് വീണ കുട്ടിയെ അമ്മ പിടിച്ചു കയറ്റുകയായിരുന്നു. മലിനജലം കുടിച്ചും തലയ്ക്ക് പരിക്കേറ്റും അവശനായ കുട്ടി സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തി ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇന്നലെ രാത്രി എട്ട് മണിയോടെ ആയിരുന്നു അപകടം. മെട്രോ ഇറങ്ങി അമ്മയ്ക്കുമൊപ്പം നടന്ന് പോവുകയായിരുന്ന മൂന്ന് വയസുകാരന് ഡ്രെയ്നേഡിന്‍റെ വിടവിലേക്ക് വീണ് പോവുകയായിരുന്നു.അമ്മയുടെ സമയോചിത ഇടപെടൽ കൊണ്ടാണ് ഡ്രെയ്നേജ് വെള്ളത്തിൽ മുങ്ങിപ്പോയ കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. കൊച്ചി നഗരസഭയുടെ അനാസ്ഥയുടെ ഫലമായി ഉണ്ടായ അപകടത്തിന്‍റെ നടുക്കുന്ന സി സി ടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കുട്ടി നടന്ന് പോകുന്നതിനിടെ കാല്‍ തട്ടി കനാലില്‍ വീഴുന്നതും നാട്ടുകാര്‍ ഓടി കൂടുന്നതും കുട്ടിയെ രക്ഷിക്കുന്നതും ദൃശ്യങ്ങളിള്‍ കാണാം. ഈ കാന മൂടണമെന്ന് പരിസരവാസികളും കൗൺസിലറും അടക്കം നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അധികൃതര്‍ ഇതിന് വേണ്ട നടപടികൾ സ്വീകരിച്ചില്ല എന്നാണ് ആരോപണം.
സംഭവത്തില്‍ ഹൈക്കോടതി വിശദാംശങ്ങൾ തേടി. രാവിലെ അമിക്കസ് ക്യൂറിയാണ് വിഷയം ജസ്റ്റിസ് ദേവൻ രാചന്ദ്രന്‍റെ ശ്രദ്ധയിൽ പെടുത്തിയത്. സംഭവത്തിന്‍റെ വിശദാംശങ്ങൾ തേടിയ കോടതി ഉച്ചയ്ക്ക് ശേഷം വിഷയം പരിഗണിക്കമെന്ന് അമിക്കസ് ക്യൂറിയെ അറിയിച്ചു.