കുന്നിക്കോട്: പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥിനി പ്ലസ് വൺ പരീക്ഷയിൽ തോൽക്കുമെന്ന ഭയത്തിൽ ആത്മഹത്യ ചെയ്തു. തലവൂർ ഞാറക്കാട് നന്ദനത്തിൽ സനൽ കുമാർ അനിത ദമ്പതിമാരുടെ മകൾ സനിഗയാണ് (17) വീട്ടിൽ തൂങ്ങിമരിച്ചത്. പ്ലസ് വൺ മോഡൽ പരീക്ഷ ഇന്നും വാർഷിക പരീക്ഷ ഈമാസം പതിമൂന്നിന് ആരംഭിക്കാനിരിക്കെയാണ് ആത്മഹത്യ.
അനിതയ്ക്ക് മാന്നാറിലാണ് ജോലി. അതുകൊണ്ട് ആഴ്ചയിലൊരിക്കലേ വീട്ടിൽ വരാറുള്ളു. ആശാരിപ്പണിക്കാരനായ സനൽകുമാർ രാത്രി എട്ടോടെയാണ് ജോലി കഴിഞ്ഞ് എത്തുന്നത്. സഹോദരി കോട്ടവട്ടത്തുള്ള കുടുംബവീട്ടിലായിരുന്നു. വൈകിട്ട് പല തവണ ഫോണിൽ വിളിച്ചിട്ടും സനിഗ ഫോണെടുക്കാഞ്ഞതിനെ തുടർന്ന് അനിത അയൽവീട്ടുകാരിയെ വിളിച്ചു. ഇവർ വന്ന് നോക്കിയപ്പോൾ വീട് അടഞ്ഞുകിടക്കുകയായിരുന്നു. ക്ഷേത്രത്തിൽ പോയതാകാമെന്ന് കരുതി തിരക്കിച്ചെന്നെങ്കിലും കണ്ടില്ല.
വീണ്ടുമെത്തി പരിശോധിച്ചപ്പോൾ കതക് അകത്തുനിന്ന് പൂട്ടിയിരിക്കുകയാണെന്ന് ബോദ്ധ്യമായി. ഇതോടെ നാട്ടുകാർ വാതിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തോൽക്കുമെന്ന ഭയത്താൽ ആത്മഹത്യ ചെയ്യുന്നുവെന്ന കുറിപ്പും ലഭിച്ചു. പുനലൂർ ഗവ.എച്ച്.എസ്.എസ് വിദ്യാർത്ഥിനിയായ സനിഗ ടിക് ടോക്കിലും താരമായിരുന്നു. ബിരുദ വിദ്യാർത്ഥിനി സനിതയാണ് സഹോദരി.