ചെന്നൈ: കള്ളക്കുറിച്ചി സംഭവത്തിന് പിന്നാലെ തമിഴ്‌നാട്ടിൽ വീണ്ടും വിദ്യാർത്ഥിയുടെ ആത്മഹത്യ. ചെന്നൈയ്ക്ക് സമീപം തിരുവെള്ളൂർ ജില്ലയിലെ കീഴ്‌ചേരി സെന്റ് ആന്റണീസ് സ്‌കൂളിലെ പ്ളസ് ടു വിദ്യാർത്ഥിനിയാണ് ആത്മഹത്യ ചെയ്തത്. രാവിലെ സ്കൂളിലെത്തി മടങ്ങിയ വിദ്യാർത്ഥിനിയെ പിന്നീട് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിനുള്ള കാരണം വ്യക്തമല്ല. ഹോസ്റ്റൽ അധികൃതർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസെത്തിയാണ് ബന്ധുക്കളെ വിവരമറിയിക്കുകയും ഇവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തത്. മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.
വിദ്യാർത്ഥിനിയുടെ മരണം ആത്മഹത്യയല്ല മറിച്ച് കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കൾ പ്രതിഷേധിക്കുകയാണ്. കള്ളക്കുറിച്ചി സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സ്കൂളിന് കനത്ത സുരക്ഷ ഏർപ്പെടുത്തി. കൂടുതൽ പൊലീസുകാരെ പ്രദേശത്ത് വിന്യസിച്ചു. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലെ ചിന്നസേലത്തുള്ള ശക്തി മെട്രിക്കുലേഷൻ ഹയർ സെക്കന്ററി സ്കൂളിലെ പ്ളസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം വ്യാപക അക്രമങ്ങൾക്കും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. ശക്തമായ കല്ലേറും തീവയ്പ്പും ഉണ്ടായി. പൊലീസ് വാൻ അടക്കം നിരവധി ബസുകൾ തീയിട്ടു. കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്ന അദ്ധ്യാപകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.