ഹൈദരാബാദ്: കേന്ദ്ര ബജറ്റില്‍ അവഗണിച്ചെന്ന ആക്ഷേപത്തിന് പിന്നാലെ വരാനിരിക്കുന്ന നീതി ആയോഗ് യോഗം ബഹിഷ്‌കരിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ജൂലൈ 27നാണ് നീതി ആയോഗ് യോഗം നടക്കുക. സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ ഇല്ലാതാക്കിയെന്നും ഫണ്ട് നിഷേധിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് തീരുമാനം.
”പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നീതി ആയോഗിന്റെ അധ്യക്ഷന്‍. ജൂലൈ 27നാണ് നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നീതി ആയോഗ് യോഗം നടക്കുക. തെലങ്കാന മുഖ്യമന്ത്രിയെന്ന നിലയില്‍, സംസ്ഥാനത്തിന്റെ താത്പര്യങ്ങളെ വ്രണപ്പെടുത്തയതും ഫണ്ട് അനുവദിക്കാതിരുന്നതും കണക്കിലെടുത്ത് യോഗം ബഹിഷ്‌കരിക്കാനാണ് തീരുമാനം,” രേവന്ത് റെഡ്ഡി പറഞ്ഞു.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ തുടങ്ങിയവരും നീതി ആയോഗ് യോഗം ബഹിഷ്‌കരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
കേന്ദ്രബജറ്റിലെ അവഗണനയില്‍ ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധമുയര്‍ത്തിയിരുന്നു. എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യ പരിഗണന വേണമെന്ന് എം.പിമാര്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. ഒരുപാട് സംസ്ഥാനങ്ങള്‍ക്ക് ബജറ്റില്‍ നീതി കിട്ടിയില്ലെന്നും നീതി ലഭിക്കുന്നതു വരെ പോരാട്ടം തുടരുമെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി.
അതേസമയം എല്ലാ ബജറ്റിലും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും പേരുകള്‍ പ്രതിപാദിക്കാന്‍ സാധിക്കില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് നിര്‍മല സീതാരാമന്റെ മറുപടി.
വടവനയില്‍ തുറമുഖം സ്ഥാപിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു. എന്നാല്‍ മഹാരാഷ്ട്രയുടെ പേര് ബജറ്റില്‍ പരാമര്‍ശിച്ചതേയില്ല. മഹാരാഷ്ട്രയെ അവഗണിച്ചുവെന്നാണോ അതിനര്‍ഥം ബജറ്റില്‍ പ്രത്യേക സംസ്ഥാനങ്ങളുടെ പേര് പരാമര്‍ശിച്ചിട്ടുണ്ട് എന്നതിനാല്‍ എല്ലാ സഹായങ്ങളും ആ സംസ്ഥാനങ്ങള്‍ക്ക് മാത്രമാണ് എന്നാണോ അര്‍ഥം തീര്‍ത്തും അടിസ്ഥാന രഹിതമായ ആരോപണമാണിത്.-നിര്‍മല സീതാരാമന്‍ വിമര്‍ശിച്ചു.