കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ പുതുവത്സര ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍. ഡിസംബർ 31-ന് വൈകീട്ട് നാല് മണിക്ക് ശേഷം ഫോര്‍ട്ട് കൊച്ചിയിലേക്ക് വാഹനങ്ങള്‍ കടത്തി വിടില്ലെന്ന് പോലീസ് അറിയിച്ചു. വൈകീട്ട് ഏഴ് മണിക്ക് ശേഷം റോ റോ സര്‍വീസും ഉണ്ടായിരിക്കില്ല. രാത്രി 12 മണിക്ക് ശേഷം ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് മടങ്ങാന്‍ ബസ് സര്‍വീസ് ഉണ്ടാകും. പ്രദേശത്ത് കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
അപകടങ്ങള്‍ ഒഴിവാക്കാന്‍ പാപ്പാഞ്ഞിയെ കത്തിക്കുന്ന ഗ്രൗണ്ടിലും നിയന്ത്രണങ്ങള്‍ കൊണ്ടുവരും. പ്രദേശത്ത് ബാരിക്കേഡുകൾ സ്ഥാപിച്ച് ശക്തമായ നിയന്ത്രണമുണ്ടാകും. പാര്‍ക്കിങ്ങും അനുവദിക്കില്ല. കഴിഞ്ഞ വർഷം പുതുവര്‍ഷാഘോഷത്തിനിടെ തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങളേർപ്പെടുത്താനുള്ള കൊച്ചി സിറ്റി പോലീസിന്റെ തീരുമാനം.
കഴിഞ്ഞ വർഷം പുതുവത്സര ആഘോഷത്തില്‍ പങ്കെടുക്കാനായി അഞ്ച് ലക്ഷത്തോളം പേര്‍ കൊച്ചിയില്‍ എത്തിയെന്നാണ് കണക്ക്. തിരക്കില്‍പ്പെട്ട് 200 -ല്‍ അധികം പേർ ആശുപത്രിയില്‍ ചികിത്സ തേടി. പോലീസുകാര്‍ക്കുള്‍പ്പടെ നിരവധിയാളുകള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
അതിനിടെ കൊച്ചിൻ കാർണിവലിൽ നാടകത്തിന് ഭാഗികവിലക്ക് ഏർപ്പെടുത്തി ആർഡിഒ. ‘ഗവർണറും തൊപ്പിയും’ എന്ന നാടകത്തിനാണ് വിലക്ക്. നാടകത്തിൽ എവിടേയും ഗവർണർ എന്ന വാക്ക് ഉപയോഗിക്കരുത്, കേന്ദ്ര–സംസ്ഥാന സർക്കാരുകളെ പരാമർശിക്കുന്നതൊന്നും പാടില്ല, സംസാരരീതി, വേഷം, മതപരമായ കാര്യം തുടങ്ങിയവ ഒഴിവാക്കണമെന്നാണ് ഫോർട്ട്കൊച്ചി ആർഡിഒയുടെ ഉത്തരവ്. ബിജെപി മട്ടാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ പരാതിയെ തുടർന്നാണ് നടപടി.
വെള്ളിയാഴ്ച നടത്താനിരുന്ന നാടകമായിരുന്നു ഇത്. നാട്ടക് കൊച്ചി മേഖലയായിരുന്നു അവതാരകർ. അതേസമയം നാടകത്തിന്റെ പേരു മാറ്റാനോ ഉള്ളടക്കം തിരുത്താനോ കഴിയില്ലെന്നും സർക്കാർ അനുമതി തേടി അടുത്ത ദിവസങ്ങളിൽ നാടകം അവതരിപ്പിക്കാനാണ് ശ്രമമെന്നും നാട്ടക് കൊച്ചി മേഖല കമ്മിറ്റി ഭാരവാഹികൾ പ്രതികരിച്ചു.