KeralaNews

ക്വാറന്റീന്‍ ലംഘിച്ചാല്‍ കടുത്ത നടപടി,സ്വന്തം ചെലവില്‍ ക്വാറന്റീനില്‍ കഴിയേണ്ടിവരും:മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് ബാധിച്ചയാൾ വിട്ടിലുണ്ടെങ്കിൽ എല്ലാവരും ക്വാറന്റീനിൽ കഴിയണമെന്നും ഇത് ലഘിച്ചാൽ പിഴ ചുമത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മാത്രമല്ല, ക്വറൻറീൻ ലംഘനം പിടിക്കപ്പെട്ടാൽ സ്വന്തം ചെലവിൽ ക്വാറന്റീൻ കേന്ദ്രത്തിൽ കഴിയേണ്ടിവരും. ഇത് നേരത്തെ കഴിഞ്ഞിരുന്ന വീട്ടിലായിരിക്കില്ലെന്നും അതത് സ്ഥലത്ത് ഏർപ്പെടുത്തുന്ന ക്വാറന്റീൻ കേന്ദ്രത്തിലായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് വന്ന ഒരാൾ വീട്ടിൽ കഴിയുന്നുവെങ്കിൽ വീട്ടിലുള്ള എല്ലാവരും ക്വാറന്റീനിൽ കഴിയണം. ഇത് കർശനമായി നടപ്പാക്കേണ്ടതുണ്ട്. ആ വീട്ടിലുള്ള ഒരാൾ പുറത്തിറങ്ങി മറ്റുള്ളവരുമായി ഇടപഴകാൻ സാധിക്കില്ല. ഇത് കർക്കശമാക്കേണ്ടതുണ്ട്. ഒരു ദിവസം സംസ്ഥാനത്തുണ്ടാകുന്നത് 30,000-32,000 രോഗികളാണെങ്കിൽ അത്രയും കുടുംബങ്ങൾ നിയന്ത്രണങ്ങൾ സ്വയം പാലിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങൾ ലംഘിച്ചാൽ അത്തരക്കാർക്ക് പിഴ ചുമത്തും. മാത്രമല്ല, പിടികൂടുന്നവർ സ്വന്തം ചെലവിൽ അതത് സ്ഥലത്ത് ഏർപ്പെടുത്തുന്ന ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മാറേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക്ഡൗണും രാത്രികാല കർഫ്യൂവും തുടരും. അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

രാത്രികാല കർഫ്യൂവും ഞായറാഴ്ച ലോക്ക്ഡൗണും തുടരണോ എന്നത് ചൊവ്വാഴ്ച ചേരുന്ന അവലോകന യോഗത്തിൽ തീരുമാനിക്കും. കോവിഡിനോടൊപ്പം ജീവിക്കുക എന്ന തീരുമാനത്തിലേക്കാണ് നാം പോകുന്നത്. അതിലൂന്നിയിട്ടുള്ള തീരുമാനങ്ങളാകും ഉണ്ടാകുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡിനെതിരേ ‘ബി ദ വാരിയർ’ എന്ന കാമ്പയിനും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. എല്ലാവരും സ്വയം കോവിഡ് പ്രതിരോധ പോരാളികളായി മാറുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഓണത്തിന് ശേഷം കോവിഡ് രോഗികളുടെ എണ്ണത്തിൽ ഭയപ്പെട്ടതുപോലുള്ള വർധനവ് ഉണ്ടായിട്ടില്ല. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തിലും വർധനവില്ല. കഴിഞ്ഞ മൂന്നാഴ്ചകളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ആശുപത്രികളിൽ അവസാന ആഴ്ച അഡ്മിറ്റായവരുടെ ശതമാനം കുറയുകയാണ് ഉണ്ടായിട്ടുള്ളത്.

വാക്സിനെടുത്തവരിൽ കുറച്ചുപേർക്കും കോവിഡ് പോസിറ്റീവ് ആകുന്നുണ്ട്. എന്നാൽ രോഗം ഗുരതരമാകുന്നത് വിരളമാണ്. അതുകൊണ്ടുതന്നെ വാക്സിൻ എടുത്തവർക്ക് രോഗം വരുന്നതിൽ ആശങ്കപ്പെടേണ്ടതില്ല. പ്രായമായവരിലും അനുബന്ധ രോഗങ്ങളുള്ളവരിലും വാക്സിനെടുക്കാത്തവരുണ്ടെങ്കിൽ എത്രയും പെട്ടെന്ന് വാക്സിൻ സ്വീകരിക്കണം.

സംസ്ഥാനത്ത് 18 വയസ്സിന് മുകളിലുള്ള 75 ശതമാനം പേർക്ക് ആദ്യ ഡോസ് നൽകി കഴിഞ്ഞു. മൊത്തം ജനംസഖ്യയുടെ എണ്ണമെടുത്താൽ യഥാക്രമം 60.94 ശതമാനവും 22.57 ശതമാനവുമാണ് ഒന്നും രണ്ടും ഡോസ് ലഭിച്ചവരുടെ അനുപാതം. ഇത് ദേശീയ ശരാശരിയേക്കാളും വളരേ കൂടുതലാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button