കോട്ടയം: കോട്ടയം വൈക്കത്ത് നാട്ടുകാരെ ആക്രമിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പോസ്റ്റ്‍മോർട്ടത്തിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. ഇന്ന് രാവിലെയാണ് വൈക്കം കിഴക്കേ നടയിലും, തോട്ടു വക്കം ഭാഗത്തുമായി നായ നാട്ടുകാരെ കടിച്ചത്. നാല് പേർക്ക് നായയുടെ ആക്രമണത്തിൽ പരുക്കേറ്റിരുന്നു. ഇവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നാട്ടുകാരെ കടിച്ചതിന് പിന്നാലെ നായ ചത്തിരുന്നു. നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ മേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് നഗരസഭ അറിയിച്ചു.
പേ വിഷബാധ സ്ഥിരീകരിച്ച തെരുവ് നായ ഒരു പ്രകോപനവുമില്ലാതെയാണ് നാട്ടുകാരെ ഓടിച്ചിട്ട് കടിച്ചത്. വൈക്കം കിഴക്കേ നടയിലും തോട്ടുമുക്കം ഭാഗത്തും രാവിലെ ഏഴ് മണിയോടെയായിരുന്നു നായയുടെ ആക്രമണം ഉണ്ടായത്. കുട്ടികളടക്കം പലരും ഓടി മാറി. ആക്രമണത്തില്‍ വീണ് പോയവരെ നായ നിലത്തിട്ട് കടിച്ചു. നെഞ്ചിലും കൈയിലും മുതുകിലുമെല്ലാം കടിയേറ്റ എഴുപത്തിയഞ്ച് വയസുകാരന്‍ പുരുഷന്‍റെ പരിക്ക് ഗുരുതരാണ്. പ്രദേത്ത് തെരുവ് നായയുടെ ആക്രമണം നിത്യ സംഭവമായിട്ടും നഗരസഭ നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
നായയുടെ പരിക്കേറ്റ ഷിബു, തങ്കമണി, ചന്ദ്രന്‍ എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ കണ്ടതിനാലാണ് നായയുടെ ശവം പോസ്റ്റ്‍മോര്‍ട്ടം ചെയ്തത്. നായകളുടെ വന്ധ്യങ്കരണം ഉള്‍പ്പെടെയുളള പ്രവര്‍ത്തനങ്ങളില്‍ നഗരസഭ വീഴ്ച വരുത്തുന്നതാണ് ആക്രമണം പതിവ് സംഭവമാകാനുളള കാരണമെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
മലപ്പുറത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഒന്നര വയസ്സുകാരന് ഗുരുതര പരിക്കേറ്റു. പൊന്നാനി തൃക്കാവ് സ്വദേശി ഷബീറിന്റെ മകനാണ് പരുക്കേറ്റത്. കഴിഞ്ഞ ദിവസം വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ അഞ്ചോളം തെരുവുനായ്ക്കള്‍ കടിച്ച് വലിച്ചിഴയ്ക്കുകയായിരുന്നു. ദേഹത്ത് ആഴത്തിലുള്ള 22 മുറിവുകളുണ്ട് എന്ന് അധികൃതര്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് കുട്ടിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
കാല്‍നടയാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഇവ ശല്യമായി നിലനില്‍ക്കുകയാണ്. ആറ് മാസത്തിനകം തെരുവുനായകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടായത്. എന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനെതിരെ മുനിസിപ്പാലിറ്റിക്ക് പരാതി കൊടുത്തിട്ടും യാതൊരുവിധ മറുപടിയും ഇതുവരെയും ഉണ്ടായിട്ടില്ല. എത്രയും പെട്ടെന്ന് തന്നെ ഇതിന് ഒരു നടപടി സ്വീകരിക്കണം എന്നാണ് നാട്ടുക്കാര്‍ പറയുന്നത്.
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ തെരുവ് നായയുടെ ആക്രമണം രൂക്ഷമാവുകയാണ്. കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ നാല് പേരെ തെരുവ് നായ്ക്കള്‍ ആക്രമിച്ചു. കല്ലഴി ക്ഷേത്രത്തിനു സമീപത്താണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. അമ്പലത്തിലെ ജോലിക്കാരി മല്ലിക, പ്രദേശവാസിയായ ശാന്ത,മല്ലികയമ്മ, റിജു എന്നിവർക്കാണ് തെരുവ് നായ അക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റവരെ ആദ്യം കുന്നംകുളം സർക്കാർ ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.