Featuredhome bannerHome-bannerKeralaNews

തെരുവുനായ ശല്യം;എറണാകുളം ജില്ലയിൽ 14 ഹോട്ട് സ്‌പോട്ടുകൾ

കൊച്ചി: എറണാകുളം ജില്ലയില്‍ തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രാദേശിക കര്‍മസമിതികള്‍ രൂപീകരിച്ച് മൈക്രോ പ്ലാനുകള്‍ ആവിഷ്‌കരിക്കാന്‍ തീരുമാനിച്ചു. വളര്‍ത്തുമൃഗങ്ങളുടെ വാക്‌സിനേഷനും ലൈസന്‍സിംഗും യഥാസമയം നടത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ലൈസന്‍സ് ഇല്ലാത്ത മൃഗങ്ങളുടെ ഉടമകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുവാനും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കും. അതേസമയം നായ ശല്യം രൂക്ഷമായ 14 ഹോട്സ്പോട്ടുകള്‍ ഉണ്ടെന്നാണു മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയിട്ടുള്ളത്.

തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെയും ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെയും നേതൃത്വത്തില്‍ നടന്ന ഉദ്യോഗസ്ഥതല യോഗത്തിലാണു ഇക്കാര്യങ്ങള്‍ തീരുമാനമായത്.

ഈ മാസത്തോടുകൂടി ജില്ലയിലെ എല്ലാ വളര്‍ത്തു നായ്ക്കളുടെയും വാക്സിനേഷന്‍ പൂര്‍ത്തിയാക്കാനാണു ശ്രമം. സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ 20 വരെ തെരുവുനായ്ക്കളുടെ ഊര്‍ജിത വാക്സിനേഷന്‍ ക്യാംപുകള്‍ സംഘടിപ്പിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. പ്രാദേശികമായി നായ ശല്യം രൂക്ഷമായ സ്ഥലങ്ങള്‍ കണ്ടെത്തി വാക്സിനേഷന്‍ ആരംഭിക്കാനാണു തീരുമാനം. വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സന്നദ്ധ സംഘടനകളുടെ സഹായവും ഉറപ്പാക്കും.

നായകളെ പിടികൂടുന്നതിനുള്ള ഡോഗ് ക്യാച്ചേഴ്‌സിനെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഇവര്‍ക്ക് നായകളെ പിടികൂടുന്നതിനു പരിശീലനം നല്‍കും. പരിശീലനം ലഭിച്ച വാളന്റിയര്‍മാരെ ഉള്‍പ്പെടെ നിയോഗിച്ച് അതിവേഗത്തില്‍ വാക്സിനേഷന്‍ നടപ്പാക്കുകയാണു ലക്ഷ്യം. തദ്ദേശ സ്ഥാപനങ്ങളുടെയും മൃഗസംരക്ഷണ വകുപ്പിന്റെയും സഹകരണത്തോടെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ ആറ് അംഗീകൃത ഡോഗ് ക്യാച്ചര്‍മാരും കോര്‍പ്പറേഷന്‍ പരിധിയില്‍ മൂന്ന് ഡോഗ് ക്യാച്ചര്‍മാരുമാണു നിലവിലുള്ളത്. പുതുതായി നിയമിക്കുന്ന ഡോഗ് ക്യാച്ചര്‍മാര്‍ക്ക് ഇവരുടെ കീഴില്‍ പരിശീലനം നല്‍കും. നായ്ക്കളെ പിടിക്കുന്നതിനായി ചുമതലപ്പെടുത്തുന്ന എല്ലാവര്‍ക്കും പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കണമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനാവശ്യമായ സൗകര്യമൊരുക്കാനും നിര്‍ദേശം നല്‍കും.

തെരുവുകളില്‍ മാലിന്യം വലിച്ചെറിയുന്നതു നിയന്ത്രിക്കുന്നതു സംബന്ധിച്ച അവബോധം നല്‍കുന്നതിനായി റസ്റ്ററന്റ് അസോസിയേഷനുകളുടെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും വ്യാപാരികളുടെയും യോഗം വിളിക്കും. സന്നദ്ധ സംഘടനകള്‍, എന്‍സിസി, എന്‍എസ്എസ് തുടങ്ങിയവരുടെ സഹകരണവും ഉറപ്പാക്കും. നായ്ക്കളുടെ പരിപാലനവും പ്രതിരോധവും സംബന്ധിച്ചു വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അവബോധ ക്ലാസുകള്‍ സംഘടിപ്പിക്കും. വളര്‍ത്തു മൃഗങ്ങളുടെ പരിപാലനത്തിനൊപ്പം ആക്രമണമുണ്ടാകുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും സ്‌കൂള്‍ തലത്തില്‍ പരിശീലനം നല്‍കും. നായ്ക്കളുടെ അഭയ കേന്ദ്രങ്ങള്‍ ഒരുക്കുന്നതിനും നടപടി സ്വീകരിക്കും. ജനപ്രതിനിധികളുടെ സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുക

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button