ഇന്ത്യന്‍ കറന്‍സി രക്ഷപെടണമെങ്കില്‍ നോട്ടുകളില്‍ ലക്ഷ്മി ദേവിയുടെ ചിത്രം ഉള്‍പ്പെടുത്തണം; ബി.ജെ.പി എം.പി
ഭോപ്പാല്‍: ഇന്ത്യന്‍ കറന്‍സി മെച്ചപ്പെടണമെങ്കില്‍ നോട്ടുകളില്‍ ലക്ഷ്മി ദേവിയുടെ ചിത്രം ഉള്‍പ്പെടുത്തണമെന്ന് ബി.ജെ.പി നേതാവും രാജ്യസഭാ എം.പിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. മധ്യപ്രദേശിലെ കണ്ട്വയില്‍ സ്വാമി വിവേകാനന്ദ വ്യാഖ്യാന്‍മാല പ്രഭാഷണം നടത്തവേ ഇന്തോനേഷ്യയിലെ കറന്‍സി നോട്ടുകളില്‍ ഗണേശ ഭഗവാന്റെ ചിത്രം ഉള്‍പ്പെടുത്തിയിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടിയായാണ് സുബ്രഹ്മണ്യന്‍ സ്വാമി ഇത്തരമൊരു പരാമര്‍ശം നടത്തിയത്.
ഗണേശ ഭഗവാന്‍ തടസങ്ങള്‍ നീക്കുന്നു. രാജ്യത്തെ നോട്ടുകളില്‍ ലക്ഷ്മി ദേവിയുടെ ചിത്രം ഉള്‍പ്പെടുത്തിയാല്‍ രൂപയുടെ വില മെച്ചപ്പെട്ടേക്കും. അതാരും മോശമായി കാണേണ്ടതില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. സാമ്പത്തിക രംഗത്തെ വിഷയങ്ങളില്‍ സത്യം പറയാത്ത മന്ത്രിമാരെയും ചില സുഹൃത്തുക്കളെയുമാണ് നരേന്ദ്രമോഡി വിശ്വസിക്കുന്നതെന്ന് സുബ്രഹ്മണ്യന്‍ സ്വാമി നേരത്തെ പറഞ്ഞിരുന്നു.