തിരുവനന്തപുരം: സംസ്ഥാനത്തെ കോടതികൾ (Court) തിങ്കളാഴ്ച്ച മുതൽ ഓൺലൈനായി (Online) പ്രവർത്തിക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെയും കീഴ്ക്കോടതികളിലെയും നടപടി ഓൺലൈനാക്കിയത്. ഇത് സംബന്ധിച്ച് ഹൈക്കോടതി സർക്കുലർ ഇറക്കി. പൊതുജനങ്ങൾക്ക് കോടതികളിൽ പ്രവേശിക്കുന്നതിന് നിയന്ത്രണവുമുണ്ടാകും.
തീർത്തും ഒഴിവാക്കാനാകാത്ത കേസുകളിൽ മാത്രമേ നേരിട്ട് വാദം കേൾക്കു. പരമാവധി 15 പേര്‍ക്ക് മാത്രമാണ് കോടതിയിൽ പ്രവേശനം അനുവദിക്കുക. ജില്ലാ മജിസ്ട്രേറ്റ് ഇക്കാര്യം പരിശോധിക്കണം. ചീഫ് ജസ്റ്റിസിന്റ അധ്യക്ഷതയിൽ ഹൈക്കോടതി ഫുൾ കോർട്ട് സിറ്റിങ് നടത്തിയാണ് തീരുമാനമെടുത്തത്. കോടതി പ്രവർത്തനം ഓൺലൈനാക്കുന്നതിൽ ബാർ കൗൺസിലിന്റെയും അഡ്വക്കേറ്റ് അസോസിയേഷന്റെയും അഭിപ്രായവും തേടിയിരുന്നു.
കൊവിഡ് വ്യാപന നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം തിരുവനന്തപുരം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയില്‍ പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. 50 ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന യോഗങ്ങളും ഒത്തുചേരലുകളും അനുവദിക്കില്ലെന്നും നേരത്തേ നിശ്ചയിച്ച ഇത്തരം യോഗങ്ങള്‍ ഉണ്ടങ്കില്‍ സംഘാടകര്‍ അത് മാറ്റിവെക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ കളക്ടര്‍ അറിയിച്ചു. കല്യാണങ്ങള്‍ക്കും മരണാനന്തരചടങ്ങുകള്‍ക്കും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 50 ആയി നിജപ്പെടുത്തി.
കര്‍ശന നിരീക്ഷണത്തിന് സിറ്റി, റൂറല്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിലെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേതുള്‍പ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓണ്‍ലൈന്‍ ആയി നടത്തണം. മാളുകളിലും വ്യാപാരസ്ഥാപനങ്ങളിലും ജനത്തിരക്ക് അനുവദിക്കില്ല. വ്യാപാരസ്ഥാപനങ്ങളില്‍ 25 സ്‌ക്വയര്‍ ഫീറ്റിന് ഒരാളെന്ന നിലയില്‍ നിശ്ചയിച്ച് മാത്രമേ ആളുകളെ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ 15 ദിവസത്തേക്ക് സ്ഥാപനങ്ങള്‍ അടച്ചിടണമെന്നും വിവരം പ്രിന്‍സിപ്പല്‍/ഹെഡ്മാസ്റ്റര്‍മാര്‍ ബന്ധപ്പെട്ട പ്രദേശത്തെ മെഡിക്കല്‍ ഓഫീസറെ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
കൊവിഡ് രോഗബാധിതരുടെ എണ്ണം കുതിച്ചുകയറുന്നതിനാല്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും ഭാഗികമായി അടയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഒന്ന് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ മതിയെന്ന് തീരുമാനം. ഈ മാസം 21 മുതലാണ് സ്‌കൂളുകള്‍ അടച്ചിട്ട് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുക.
സംസ്ഥാനത്ത് ഇന്നലെ 17,755 പേര്‍ക്ക് കൂടി കൊവിഡ് 19 (Covid 19) സ്ഥിരീകരിച്ചു. തിരുവനന്തപുരം 4694, എറണാകുളം 2637, തൃശൂര്‍ 1731, കോഴിക്കോട് 1648, കോട്ടയം 1194, പത്തനംതിട്ട 863, കണ്ണൂര്‍ 845, പാലക്കാട് 835, കൊല്ലം 831, ആലപ്പുഴ 765, മലപ്പുറം 728, ഇടുക്കി 417, കാസര്‍ഗോഡ് 317, വയനാട് 250 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,937 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,95,338 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,91,286 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 4052 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 596 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 90,649 കൊവിഡ് കേസുകളില്‍, 4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കൊവിഡ് 19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 89 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 50,674 ആയി.
രോഗം സ്ഥിരീകരിച്ചവരില്‍ 150 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,488 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 964 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 153 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3819 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 486, കൊല്ലം 141, പത്തനംതിട്ട 321, ആലപ്പുഴ 208, കോട്ടയം 303, ഇടുക്കി 126, എറണാകുളം 757, തൃശൂര്‍ 201, പാലക്കാട് 186, മലപ്പുറം 123, കോഴിക്കോട് 467, വയനാട് 82, കണ്ണൂര്‍ 302, കാസര്‍ഗോഡ് 116 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 90,649 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,18,681 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.