ന്യൂഡൽഹി:ദില്ലി: രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധനവിലയില്‍ കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരണം നടത്തിയത്. എക്‌സൈസ് തീരുവ കുറയ്ക്കാത്ത കേരളം അടക്കമുള്ള സംസ്ഥാനങ്ങളെ വിമര്‍ശിച്ചുകൊണ്ടാണ് മോദിയുടെ പ്രതികരണം. ഇതാദ്യമായാണ് പ്രധാനമന്ത്രി ഇന്ധനവിലയില്‍ പ്രതികരിച്ച് രംഗത്തെത്തുന്നത്.
തമിഴ്നാട്, പശ്ചിമബംഗാള്‍, തെലങ്കാന, മഹാരാഷ്ട്ര, കേരളം, ജാര്‍ഖണ്ഡ്, എന്നീ സംസ്ഥാനങ്ങളില്‍ നവംബറില്‍ നികുതി കുറയ്ക്കാന്‍ തയ്യാറിട്ടില്ലെന്നും അവര്‍ ഇപ്പോള്‍ നികുതി കുറയ്ക്കാന്‍ തയ്യാറാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.
കോവിഡുമായി ബന്ധപ്പെട്ട യോഗത്തില്‍ പ്രതിപക്ഷം ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും ഉയര്‍ന്ന ഇന്ധനവില വര്‍ദ്ധനവിനെ പ്രധാനമന്ത്രി ‘അനീതി’ എന്ന് വിളിക്കുകയും സാധാരണക്കാരെ സഹായിക്കാന്‍ പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് ( മൂല്യവര്‍ദ്ധിത നികുതി ) കുറയ്ക്കാന്‍ മുഖ്യമന്ത്രിമാരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
എന്നാല്‍ പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ ഇതിനോട് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. എന്നാല്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് പുരി ബി ജെ പി ഭരിക്കാത്ത സംസ്ഥാനങ്ങളില്‍ മദ്യത്തിന് പകരം ഇന്ധനത്തിന്റെ നികുതി കുറച്ചാല്‍ പെട്രോളിന് വില കുറയുമെന്ന് പരിഹസിക്കുകയും ചെയ്തു.
ഇറക്കുമതി ചെയ്യുന്ന മദ്യത്തിന് പകരം പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇന്ധനത്തിന്റെ നികുതി കുറച്ചാല്‍ പെട്രോളിന് വില കുറയും! മഹാരാഷ്ട്ര സര്‍ക്കാര്‍ പെട്രോളിന് 32.15 രൂപയും കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ 29.10 രൂപയുമാണ് നികുതി ഇനത്തില്‍ ഈടാക്കുന്നത്. എന്നാല്‍ ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡില്‍ 14.51 രൂപയും ഉത്തര്‍പ്രദേശില്‍ 16.50 രൂപയും മാത്രമാണ് ഈടാക്കുന്നതെന്ന് ഹര്‍ദീപ് സിംഗ് പുരി ചൂണ്ടിക്കാട്ടി.
എന്നാല്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശത്തില്‍ മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുന്നതില്‍ പ്രധാനമന്ത്രിക്ക് ലജ്ജ തോന്നണമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അഭിപ്രായപ്പെട്ടു. 2015 മുതല്‍ തന്റെ സംസ്ഥാനത്ത് ഇന്ധന നികുതിയില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങളോട് ആവശ്യപ്പെടുന്നതിന് പകരം എന്തുകൊണ്ട് കേന്ദ്രത്തിന് നികുതി വെട്ടിക്കുറച്ചുകൂടാ?. കേന്ദ്രം നികുതി മാത്രമല്ല വര്‍ദ്ധിപ്പിക്കുന്നത്. സെസ്സും ഈടാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പെട്രോള്‍, ഡീസല്‍ വിലകള്‍ക്ക് സബ്സിഡി നല്‍കാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 1,500 കോടി രൂപ ചെലവഴിച്ചതായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. തികച്ചും ഏകപക്ഷീയവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസംഗമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. അദ്ദേഹം പങ്കുവച്ച വസ്തുതകള്‍ തെറ്റാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഓരോ ലിറ്റര്‍ പെട്രോളിനും ഡീസലിനും ഞങ്ങള്‍ 1 രൂപ സബ്സിഡി നല്‍കുന്നു. ഇതിന് വേണ്ടി കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി 1500 കോടി രൂപ ചെലഴിച്ചെന്നും മമത വ്യക്തമാക്കി. യോഗത്തില്‍ മുഖ്യമന്ത്രിമാര്‍ക്ക് സംസാരിക്കാന്‍ അവസരമില്ലെന്നും അതിനാല്‍ അവര്‍ക്ക് പ്രധാനമന്ത്രിയെ എതിര്‍ക്കാന്‍ കഴിഞ്ഞില്ലെന്നും അവര്‍ അവകാശപ്പെട്ടു.
പ്രധാനമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം തെറ്റിദ്ധാരണാജനകമാണെന്നാണ് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രതികരിച്ചത്.കഴിഞ്ഞ ആറുവര്‍ഷമായി പെട്രോളിന്റെയും ഡീസലിന്റെയും സംസ്ഥാന നികുതിയില്‍ എല്‍ഡിഎഫ് ഗവണ്‍മെന്റുകള്‍ വര്‍ദ്ധനവ് വരുത്തിയിട്ടില്ല. ജി എസ് ടി നിലവില്‍ വന്നതോടെ സംസ്ഥാനങ്ങള്‍ക്ക് നികുതി ചുമത്താന്‍ അധികാരമുള്ള ഉല്‍പ്പന്നങ്ങള്‍ പെട്രോളും ഡീസലും മദ്യവും മാത്രമാണ്. എന്നാല്‍ പെട്രോളിയം ഉത്പന്നങ്ങളുടെ സംസ്ഥാനങ്ങളുമായി പങ്കുവയ്‌ക്കേണ്ട നികുതി കുറച്ചുകൊണ്ടുവരികയും, സംസ്ഥാനങ്ങളുമായി പങ്കുവെക്കേണ്ടതില്ലാത്ത സെസ്സുകളും സര്‍ചാര്‍ജുകളും ഏര്‍പ്പെടുത്തുകയും ചെയ്യുകയാണ് കേന്ദ്ര സര്‍ക്കാരെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭരണഘടനയിലെ ചില വകുപ്പുകളെ ദുരുപയോഗം ചെയ്തുകൊണ്ട് സെസുകളും സര്‍ചാര്‍ജുകളും ചുമത്തുന്ന നടപടി നികുതി ചുമത്താനുള്ള സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ്. സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട വലിയ നികുതി വരുമാനം ഇത്തരം സെസുകളിലൂടെയും സര്‍ചാര്‍ജുകളിലൂടെയും കേന്ദ്ര ഗവണ്‍മെന്റ് കൈക്കലാക്കുകയാണ്. ഇത് ഫെഡറലിസത്തിനുമേലുള്ള കടന്നുകയറ്റമാണ്. സെസുകളും സര്‍ച്ചാര്‍ജുകളും അവസാനിപ്പിക്കുകയും സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട നികുതിവിഹിതം നല്‍കുകയും സംസ്ഥാനത്തിന്റെ നികുതി അധികാരത്തില്‍ കൈകടത്താതിരിക്കുകയും ചെയ്യുകയാണ് കേന്ദ്രം ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.