24.5 C
Kottayam
Monday, May 20, 2024

കളമശേരിയില്‍ പഴകിയ ഇറച്ചി പിടികൂടിയ സംഭവം: 49 ഹോട്ടലുകളിൽ വിതരണം നടത്തിയെന്ന് രേഖകൾ

Must read

കൊച്ചി: കളമശ്ശേരിയില്‍ 500 കിലോയോളം പഴകിയ ഇറച്ചി പിടികൂടിയ സ്ഥാപനം 49 ഹോട്ടലുകള്‍ക്ക് ഇറച്ചി വിതരണം നടത്തിയിരുന്നതായി രേഖകള്‍. ഇറച്ചി പിടികൂടിയ വാടക വീട്ടില്‍നിന്ന് ലഭിച്ച രേഖകളില്‍നിന്നാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. അതിനിടെ സ്ഥാപന ഉടമയായ ജുനൈസ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുണ്ടെന്ന് സൂചനയുണ്ട്. കേസിലെ ഒന്നാംപ്രതിയായ ഇയാള്‍ക്കായി പോലീസ് അന്വേഷണം നടത്തിവരികയാണ്.

പോലീസും കളമശ്ശേരി നഗരസഭാ ആരോഗ്യവിഭാഗവും ചേര്‍ന്നാണ് പഴകിയ ഇറച്ചി പിടികൂടിയ വീട്ടില്‍ പരിശോധന നടത്തിയത്. ഇവിടെനിന്ന് ഇറച്ചി വിതരണവും പണം കൈമാറ്റവും സംബന്ധിച്ച ബില്ലുകളും രസീതുകളും ഡയറിയും കണ്ടെടുത്തിട്ടുണ്ട്. ഇതനുസരിച്ച്, ഇവിടെനിന്ന് ഇറച്ചി വാങ്ങിയ 49 ഹോട്ടലുകളുടെ പട്ടിക നഗരസഭ തയ്യാറാക്കിയിട്ടുണ്ട്.

കളമശ്ശേരിയും പാലാരിവട്ടവും ഉള്‍പ്പെടെ ജില്ലയുടെ വിവിധ മേഖലകളില്‍ ഇവിടെനിന്ന് ഇറച്ചി വിറ്റിട്ടുണ്ട്. ഇതില്‍ സുനാമി ഇറച്ചി ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചുവരികയാണ്. രേഖകള്‍ ഇപ്പോള്‍ പോലീസിന്റെ കയ്യിലാണ്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കളമശ്ശേരി കൈപ്പടമുകളിലെ വാടകവീട്ടില്‍നിന്ന് പഴകിയതും ചീഞ്ഞതുമായ ഇറച്ചി പിടികൂടിയത്. മൂന്ന് ഫ്രീസറുകളിലായി പാക്കറ്റിലാക്കിയും അല്ലാതെയും സൂക്ഷിച്ചിരുന്ന കോഴിയിറച്ചിയാണ് പിടികൂടിയത്. മലിനജനം പുറത്തേക്ക് ഒഴുകുന്നെന്നും രൂക്ഷമായ ദുര്‍ഗന്ധമുണ്ടെന്നുമുള്ള നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് നഗരസഭാ ആരോഗ്യവിഭാഗം ഇവിടെ പരിശോധനയ്ക്ക് എത്തിയത്.

പരിശോധനാസമയത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. വ്യാഴാഴ്ച രാവിലെയും ഹോട്ടലുകാര്‍ ഇവിടെനിന്ന് ഇറച്ചി കൊണ്ടുപോയിരുന്നതായി ജീവനക്കാര്‍ പറഞ്ഞിരുന്നു. നഗരസഭാ ആരോഗ്യവിഭാഗം പിടിച്ചെടുത്ത ഇറച്ചി പിന്നീട് നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പിനും പോലീസിനും റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week