KeralaNews

കിറ്റക്സിന് ശ്രീലങ്കയുടെ ക്ഷണം, ഡെപ്യൂട്ടി ഹൈക്കമ്മീഷണർ കിഴക്കമ്പലത്ത് എത്തി ചർച്ച നടത്തി

കൊച്ചി: ശ്രീലങ്കയിൽ നിക്ഷേപം നടത്താനായി കിറ്റക്സിനെ ക്ഷണിച്ചുകൊണ്ട് ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ഡോക്ടർ ദ്വരൈ സ്വാമി വെങ്കിടേശ്വരൻ കൊച്ചിയിലെത്തി. ഇന്ന് രാവിലെ ചെന്നെയിൽ നിന്ന് 9.30 ന് നെടുംബാശേരി വിമാന താവളത്തിൽ എത്തിയ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ കിഴക്കമ്പലത്തെ കിറ്റെക്സ് ആസ്ഥാനത്ത്‌ മാനേജിംഗ് ഡയറക്ടർ സാബു എം ജേക്കബുമായി മുന്ന് മണിക്കൂറോളം കൂടികാഴ്ച്ച നടത്തി.

കിറ്റക്സിന്‍റെ പുതിയ നിക്ഷേപ പദ്ധതികള്‍ക്ക് ശ്രീലങ്കയില്‍ മികച്ച സൗകര്യം വാഗ്ദാനം ചെയ്യ്തുകൊണ്ടാണ് അദേഹം മടങ്ങിയത് . കയറ്റുമതി അധിഷ്ടിത വസ്ത്ര നിര്‍മ്മാണ മേഖലയില്‍ ഏഷ്യയില്‍ തന്നെ മുന്‍ നിര രാജ്യങ്ങളിലൊന്നാണ് ശ്രീലങ്ക. കേരളത്തില്‍ പ്രഖ്യാപിച്ച 3500 കോടി രൂപയുടെ പുതിയ നിക്ഷേപ പദ്ധതികളില്‍ നിന്നും പിന്മാറുന്നുവെന്ന് പ്രഖ്യാപിച്ച ശേഷം കിറ്റക്സിനെ ക്ഷണിക്കുന്ന രണ്ടാമത്തെ വിദേശ രാജ്യമാണ് ശ്രീലങ്ക.

ഈ മാസം ആദ്യം ബംഗ്ലാദേശും കിറ്റക്സിനെ ക്ഷണിച്ചുകൊണ്ട് സന്ദേശമയച്ചിരുന്നു. പുതിയ നിക്ഷേപങ്ങള്‍ സംബന്ധിച്ച് രാജ്യത്തെ
വിവിധ സംസ്ഥാനങ്ങളുമായി കിറ്റക്സ് കൂടിയാലോചന നടത്തിക്കൊണ്ടിരിക്കെയാണ് ശ്രീലങ്കയും കിറ്റക്സിനെ ക്ഷണിക്കുന്നത്. നേരത്തെ തെലുങ്കാന സര്‍ക്കാര്‍ അയച്ച പ്രത്യേക വിമാനത്തില്‍ ഹൈദരാബാദിലെത്തിയ കിറ്റക്സ് സംഘം 1000 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. പുതിയ നിക്ഷേപത്തിന് മികച്ച സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്ത് മധ്യപ്രദേശ് വ്യവസായ വകുപ്പിന്‍റെ ഉന്നതതല സംഘം കഴിഞ്ഞയാഴ്ച കിറ്റക്സ് സന്ദര്‍ശിച്ചിരുന്നു.

ആന്ധ്രപ്രദേശ്, കര്‍ണ്ണാടക,ഉത്തര്‍പ്രദേശ്, തമിഴ് നാട് സംസ്ഥാന സര്‍ക്കാരുകളും പുതിയ നിക്ഷേപത്തിനായി കിറ്റക്സിനെ ക്ഷണിച്ചിട്ടുണ്ട് . ഈ സംസ്ഥാനങ്ങളുമായുള്ള ചര്‍ച്ചകള്‍ വിവിധ തലത്തില്‍ തുടരുന്നതിനിടെയാണ് ശ്രീലങ്കയില്‍ നിന്നും ക്ഷണമെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button