2024ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി നിന്ന് തരൂരിനെ തോല്‍പ്പിക്കുമെന്ന് ശ്രീശാന്ത്
കൊച്ചി: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി നിന്ന് മത്സരിച്ച് ശശി തരൂരിനെ തോല്‍പ്പിക്കുമെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്. ഇന്ത്യന്‍ എക്സപ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീശാന്തിന്റെ വെളിപ്പെടുത്തല്‍. ഞാന്‍ ശശി തരൂരിന്റെ വലിയ ആരാധകനാണ്. പക്ഷേ തെരഞ്ഞെടുപ്പില്‍ ഞാന്‍ അദ്ദേഹത്തെ പരാജയപ്പെടുത്തും- ശ്രീ ശാന്ത് പറയുന്നു.
2016ലെ നിയസമഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്ന് ശ്രീശാന്ത് ബിജെപി ടിക്കറ്റില്‍ മത്സരിച്ചിരുന്നു. കനത്ത പരാജയമേറ്റുവാങ്ങി മൂന്നാം സ്ഥാനത്താണ് ശ്രീശാന്ത് എത്തിയത്. കോണ്‍ഗ്രസിന്റെ വിഎസ് ശിവകുമാറാണ് അന്ന് വിജയിച്ചത്. എല്‍ഡിഎഫിന്റെ ആന്റണി രാജുവിനും പിന്നിലായി മൂന്നാമതെത്തിയ ശ്രീ ശാന്തിന് 34764വോട്ടാണ് ലഭിച്ചത്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ചെന്നും പറഞ്ഞ് രംഗത്തെത്തിയ ശ്രീശാന്ത്, ശശി തരൂരിനെ സന്ദര്‍ശിച്ചിരുന്നു. ഇതിനെതിരെ ബിജെപിയില്‍ വിമര്‍ശനമുയര്‍ന്നപ്പോള്‍ തിരുത്തലുമായി ശ്രീശാന്ത് രംഗത്തെത്തി. താനിപ്പോളും ബിജെപിയാണെന്നും പ്രതിസന്ധി ഘട്ടത്തില്‍ തന്നെ സഹായിച്ച തരൂരിന് നന്ദി പറയുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു ശ്രീശാന്തിന്റെ തിരുത്ത്. ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി റദ്ദാക്കിയതിനു പിന്നാലെയാണ് ശ്രീശാന്ത് തരൂരിനെ സന്ദര്‍ശിച്ചത്.