കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക ദിവസങ്ങളാണ് കടന്നു പോകുന്നത്. ദിനം പ്രതി ഓരോ വിവരങ്ങള്‍ പുറത്തെത്തുമ്പോള്‍ തുടരന്വേഷണത്തിനായി കോടതി അനുവദിച്ച സമയം നീട്ടിക്കിട്ടണമെന്നാണ് അഭിഭാഷകരടക്കം പലരും പറയുന്നത്. ഈ വേളയില്‍ പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. പള്‍സര്‍ സുനിയെ കുറിച്ച് പല നടിമാരും തന്നോട് പരാതി പറഞ്ഞിരുന്നുവെന്നാണ് ശ്രീലേഖ പറയുന്നത്.
കരിയറും മാനഹാനിയും ഭയന്നാണ് പലരും ഇക്കാര്യം പുറത്ത് വെളിപ്പെടുത്താതിരുന്നതെന്നും ശ്രീലേഖ പറഞ്ഞു. തന്റെ യുട്യൂബ് ചാനലിലൂടെയായിരുന്നു ശ്രീലേഖയുടെ പ്രതികരണം. ജയിലില്‍ കിടക്കവെ പള്‍സര്‍ സുനിക്ക് ഫോണ്‍ ലഭിച്ചത് എങ്ങനെയെന്ന് കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് അന്വേഷിക്കണമെന്ന് ഡിജിപിക്ക് കത്തെഴുതിയെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലെന്നും ശ്രീലേഖ പറയുന്നു.
നടി ആക്രമിക്കപ്പെട്ട കേസ് ക്വട്ടേഷനായിരുന്നുവെങ്കില്‍ പോലീസ് കസ്റ്റഡിയില്‍ വെച്ച് തന്നെ ക്വട്ടേഷന്‍ നല്‍കിയ ആളുടെ പേര് അയാള്‍ വെളിപ്പെടുത്തുമായിരുന്നു. ‘2017 ഫെബ്രുവരിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം നടന്നപ്പോള്‍ ഞാന്‍ ജയില്‍ ഡിജിപിയായിരുന്നു. എല്ലാവരും ഒരുപോലെ ഞെട്ടിയ സംഭവമായിരുന്നു അത്. കേസിന്റെ വിവരങ്ങള്‍ പതിയെ പുറത്തുവരാന്‍ തുടങ്ങിയപ്പോള്‍ തനിക്ക് യാതൊരു സംശയവും തോന്നിയില്ല.കേസില്‍ അറസ്റ്റിലായ ഒന്നോ രണ്ടോ പേര്‍ മാത്രമാണ് ആദ്യമായി കുറ്റം ചെയ്തവര്‍. ബാക്കിയെല്ലാവരും മുന്‍ കേസുകളില്‍ പ്രതികളാണ്’.
‘വളരെ മോശമായ പശ്ചാത്തലം ഉള്ളയാളാണ് പള്‍സര്‍ സുനി. 12 വര്‍ഷത്തോളം എറണാകുളത്ത് പ്രവര്‍ത്തിച്ചയാളാണ് ഞാന്‍. അതുകൊണ്ട് തന്നെ സിനിമാ മേഖലയില്‍ നിന്നുള്ള പലരും പലകാര്യങ്ങള്‍ക്കായി എന്റെയടുത്ത് വന്നിട്ടുണ്ട്. വളരെ അടുപ്പം ഉണ്ടായിരുന്ന നടിമാര്‍ പള്‍സര്‍ സുനിയെ കുറിച്ച് പറഞ്ഞിട്ടുണ്ട്. പലരും പറഞ്ഞ് അടുത്ത് കൂടി വിശ്വാസം പിടിച്ച് പറ്റി ഇത്തരത്തില്‍ തട്ടിക്കൊണ്ട് പോയി ദൃശ്യങ്ങള്‍ പിടിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്യുന്ന ആളാണെന്നാണ്’.
‘ആ നടിമാരോട് എന്തുകൊണ്ടാണ് ഇത് പറയാതിരുന്നതെന്നും കേസ് ആക്കി അകത്തിടാമല്ലോയെന്ന് താന്‍ ചോദിച്ചിരുന്നു. സ്വന്തം കരിയര്‍ നഷ്ടപ്പെടുന്നത് കൊണ്ടും ഈ കേസ് പുറത്ത് വന്നാല്‍ തനിക്ക് കൂടുതല്‍ മാനഹാനി നേരിടേണ്ടി വരുമെന്ന പേടി കൊണ്ടും പൈസ കൊടുത്ത് ആ സംഭവം സെറ്റില്‍ ചെയ്യുകയായിരുന്നുവെന്നാണ് ആ നടി പറഞ്ഞത്’.
‘പള്‍സര്‍ സുനി തങ്ങളെ ഉപദ്രവിച്ചതിനെ കുറിച്ച് നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം നിരവധി നടിമാര്‍ തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ ചില നടിമാര്‍ അത് പറയാതെയും ഇരുന്നിട്ടുണ്ട്. പള്‍സര്‍ സുനിയാണ് നടിയെ ആക്രമിച്ചതെന്ന് അറിഞ്ഞപ്പോള്‍ അതുകൊണ്ട് തന്നെ തന്നെ സംബന്ധിച്ച് അന്നും ഇന്നും അക്കാര്യത്തില്‍ ഒരു അത്ഭുതമില്ല’.
‘കേസിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ ആദ്യ ആറ് പ്രതികളില്‍ നാല് പേര്‍ അറസ്റ്റിലായിരുന്നു. പള്‍സര്‍ സുനിയും മറ്റൊരാളും ആദ്യം ഒളിവിലായിരുന്നു. ഈ രണ്ട് പേരേയും പിന്നെ അഞ്ച് ദിവസം കഴിഞ്ഞാണ് അറസ്റ്റ് ചെയ്തത്. അവര്‍ കീഴടങ്ങുകയായിരുന്നു.പള്‍സര്‍ സുനിയെ വലിച്ചിഴച്ച് പോലീസ് കൊണ്ടുപോയതൊക്കെ മാധ്യമങ്ങളിലൂടെ എല്ലാവരും കണ്ടതാണ് അന്ന് പോലീസ് അന്വേഷണത്തില്‍ തനിക്ക് വിശ്വാസം ഉണ്ടായിരുന്നു. ചോദ്യം ചെയ്യലിനൊടുവില്‍ കുറ്റം തെളിയുകയും ഇവര്‍ അറസ്റ്റിലാവുകയും ചെയ്തു’.
‘രണ്ടാഴ്ചത്തോളം പോലീസ് കസ്റ്റഡിയില്‍ ഇരുന്നതിന് ശേഷമാണ് പള്‍സര്‍ സുനി ജയിലില്‍ ആകുന്നത്. കോടതി വളപ്പില്‍ നിന്നും പിടിച്ച് വലിച്ച് ഫോഴ്‌സ് ഉപയോഗിച്ച് പോലീസ് പിടിച്ച് കൊണ്ട് പോയി കസ്റ്റഡിയില്‍ വെച്ച വ്യക്തി അവനെ കൊണ്ട് ഒരാള്‍ ചെയ്യിച്ചതാണെന്ന് ഉണ്ടെങ്കില്‍ പോലീസ് കസ്റ്റഡിയില്‍ ഇരിക്കെ തന്നെ അയാളുടെ പേര് പറയും. ക്വട്ടേഷന്‍ നല്‍കി തന്നെ കൊണ്ട് ഒരാള്‍ ചെയ്യിച്ചതാണെന്ന് അയാള്‍ അന്ന് തന്നെ സമ്മതിച്ചേനെ. ഇത് നമ്മള്‍ ഒരുപാട് കേസില്‍ കണ്ടതാണ്. പക്ഷേ അപ്പോള്‍ അയാള്‍ പറഞ്ഞില്ല’.
‘ഇവന്‍മാര്‍ ക്വട്ടേഷന്‍ ഏറ്റെടുത്തതാണോയെന്ന് തനിക്ക് സംശയം ഉണ്ട്. കാരണം ഇവന്‍മര്‍ ചെയ്ത മുന്‍കാല പ്രവൃത്തികളെല്ലാം സ്വയം കാശുണ്ടാക്കാന്‍ വേണ്ടിയുള്ളതായിരുന്നു. ഇവന്‍മാരെ ഇതിന് മുന്‍പ് ക്വട്ടേഷന് വേണ്ടി ആരും ഉപയോഗിച്ചിട്ടില്ല. ഇവര്‍ അറസ്റ്റിലായി മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്നുള്ള മാധ്യമ വാര്‍ത്ത പുറത്തുവരുന്നത്.
ആ വാര്‍ത്ത കണ്ടപ്പോള്‍ തനിക്ക് അസ്വാഭാവികതയൊന്നും തോന്നിയില്ല. അതിന് സാധ്യത ഉണ്ട്’.
‘ജയിലില്‍ കിടന്ന് കൊണ്ട് പള്‍സര്‍ സുനി നടന്‍ ദിലീപിന്റെ സുഹൃത്തായ നാദിര്‍ഷയെ വിളിച്ചെന്നാണ് ആദ്യം വാര്‍ത്ത വന്നത്. ജയിലില്‍ കിടന്നുള്ള ഫോണ്‍ വിളി അത് നടക്കില്ല. കാരണം അത്രയും മോണിറ്ററിംഗ് അവിടെ നടക്കുന്നതാണ്. മൂന്ന് മാസം യാതൊരു പ്രശ്‌നവുമില്ലാതെ മുന്നോട്ട് പോകുമ്പോഴാണ് ജയിലില്‍ നിന്നും ഫോണ്‍ പോയി എന്ന വാര്‍ത്ത വരുന്നത്. ജയില്‍ മേധാവി എന്ന നിലയില്‍ ആ സംഭവം അന്വേഷിച്ചിരുന്നു’.
‘പള്‍സര്‍ സുനി വിചാരണ തടവുകാരനാണ്. അയാള്‍ കോടതിയില്‍ പോയപ്പോഴാണ് ഫോണ്‍ കടത്തികൊണ്ട് വന്നതെന്നാണ് സഹതടവുകാരന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. സാധരണ ഗതിയില്‍ വിചാരണ തടവുകാരെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോള്‍ ജയിലിലെ പോലീസ് ഉദ്യോഗസ്ഥര്‍ കൃത്യമായി ദേഹപരിശോധന ഉള്‍പ്പെടെ നടത്തിയാണ് ജയിലിന് പുറത്ത് നില്‍ക്കുന്ന കോടതിയിലേക്ക് അവരെ കൊണ്ടുപോകേണ്ട പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നത്. തിരിച്ചെത്തുമ്പോഴും അതുപോലെ പരിശോധിക്കും. വസ്ത്രമഴിച്ച് വരെ പരിശോധന നടത്തും’.
‘സഹതടവുകാരന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത് പള്‍സര്‍ സുനി തിരിച്ച് വരുമ്പോള്‍ ചെരിപ്പിനുള്ളില്‍ ഒളിപ്പിച്ചാണ് ഫോണ്‍ കൊണ്ടുവന്നതെന്നാണ്. അതൊരിക്കലും വിശ്വസിക്കാന്‍ പറ്റില്ല. അവര്‍ പുറത്ത് ഉപയോഗിക്കുന്ന ചെരിപ്പല്ല അകത്ത് ഉപയോഗിക്കുന്നത്. എല്ലാ സെല്ലിലും വീഡിയോ കാമറയുണ്ട്. കാമറ പരിശോധിച്ചപ്പോള്‍ പള്‍സര്‍ സുനി കിടന്ന് കൊണ്ട് ഫോണ്‍ ഉപയോഗിച്ചതായും ഫോണിന്റെ റിഫ്‌ലക്ഷന്‍ മതിലില്‍ പതിഞ്ഞതായി കണ്ടെത്തിയതിന്റെ വീഡിയോ റെക്കോഡിംഗും ഉണ്ടായിരുന്നു. എന്നാല്‍ ഫോണ്‍ ഉപയോഗിച്ച കാര്യം പ്രതികള്‍ സമ്മതിച്ചില്ല. ആ നമ്പര്‍ എവിടുന്ന് കിട്ടി എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രതികളോട് ചോദിച്ചെങ്കിലും അവര്‍ പറയാന്‍ തയ്യാറായില്ല’.
‘ഇത് സംബന്ധിച്ച കൂടുതല്‍ പരിശോധനയില്‍ സുനിയെ കോടതിയില്‍ കൊണ്ടുപോയ ജയിലിന് പുറത്തുള്ള പോലീസുകാരന്‍ ഇവരെ തിരികെ എത്തിക്കാന്‍ നേരം ജയിലിന് ഉള്ളിലേക്ക് കടന്നതായും സുനിയുടെ ചെവിയില്‍ എന്തോ പറയുന്നതായുമുള്ള രംഗങ്ങളും ജയിലിലെ കാമറയില്‍ പതിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ആ പോലീസുകാരനായിരിക്കും ഇയാള്‍ ഫോണ്‍ സുനിക്ക് കൈമാറിയതെന്നാണ് ഞങ്ങളുടെ നിഗമനം. ഫോണ്‍ ഉപയോഗിച്ചത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ഡിജിപിക്ക് കത്ത് നല്‍കിയെങ്കിലും ഇത് സംബന്ധിച്ച് യാതൊരു മറുപടിയും തനിക്ക് ലഭിച്ചിരുന്നില്ല’, എന്നും ശ്രീലേഖ പറയുന്നു.