തിരുവനന്തപുരം: ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ജനപക്ഷം നേതാവും പൂഞ്ഞാര്‍ എം.എല്‍.എയുമായ പി.സി ജോര്‍ജിന്റെ വിവാദ പ്രസംഗത്തിനെതിരെ സാമൂഹിക പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കര പരാതി നല്‍കി. ഡിജിപിക്കും ആഭ്യന്തര വകുപ്പിനുമാണ് പരാതി നല്‍കിയത്. ഇന്ത്യന്‍ മതേതരത്വത്തെ തന്നെ വെല്ലുവിളിച്ച ഒരു എംഎല്‍എയെ നിയമം എങ്ങനെ കൈകാര്യം ചെയ്യുമെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്നുെ ശ്രീജ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ശ്രീജയുടെ ഫേസ്ബുക്ക് പോസ്റ്റ്…
പി സി ജോര്‍ജ്ജിനെതിരെ ഇന്നലെ രാത്രിയാണ് പരാതി നല്‍കിയത് …. രാവിലെ ഡി ജി പി ഓഫീസിലേക്ക് വിളിച്ചപ്പോള്‍ നാളെ വീണ്ടും വിളിക്കാന്‍ പറഞ്ഞിരിക്കുകയാണ് … പരാതി കൊടുക്കുന്നത് കൊണ്ടെന്താ പ്രയോജനം എന്ന് പലരും ചോദിക്കുന്നു …നടപടി ഉണ്ടാകും എന്ന ഉറപ്പുള്ളത് കൊണ്ടല്ല ഞാന്‍ പരാതി നല്‍കിയത്… ആ ഉറപ്പില്ലാത്തത് പലപ്പോഴായി ആഭ്യന്തര വകുപ്പില്‍ നിന്നുണ്ടായിട്ടുള്ള അനുഭവങ്ങള്‍ തന്നെയാണ്… എന്നാല്‍ നിയമസംവിധാനം നിലനില്‍ക്കുന്നൊരു രാജ്യത്ത് കുറ്റക്കാര്‍ക്കെതിരെ പരാതി നല്‍കുക എന്നതല്ലാത്ത മറ്റു മാര്‍ഗങ്ങളില്ല….
പരാതി നല്‍കുക എന്നാല്‍ ശക്തമായി പ്രതിഷേധിക്കുക എന്നുകൂടെയുണ്ടര്‍ത്ഥം …. പി സി ജോര്‍ജ്ജ് എന്ന മാരക വിഷത്തിനെതിരെ ഒരു മതേതര വിശ്വാസിയായ സ്ത്രീ എന്ന നിലയിലുള്ള എന്റെ പ്രതിഷേധമാണ് ഞാന്‍ ആഭ്യന്തര വകുപ്പിന് നല്‍കിയ പരാതി ….
ഇന്ത്യന്‍ മതേതരത്വത്തെ തന്നെ വെല്ലുവിളിച്ച ഒരു എം എല്‍ എ യെ നിയമം എങ്ങനെ കൈകാര്യം ചെയ്യുമെന്ന് അറിയാന്‍ ആഗ്രഹമുണ്ട്.