ന്യൂഡല്‍ഹി: പങ്കാളിയെ കൊലപ്പെടുത്തി 35 കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച് പലതവണയായി വലിച്ചെറിഞ്ഞ സംഭവത്തില്‍ കൊലപാതകത്തിലേക്ക് നയിച്ചത് വീട്ടുചെലവുകള്‍ക്കുള്ള പണം ആര് നല്‍കുമെന്ന തര്‍ക്കമെന്ന് സൂചന. കൊല്ലപ്പെട്ട ശ്രദ്ധ വാള്‍ക്കറും പങ്കാളി അഫ്താബ് പൂനെവാലയും തമ്മില്‍ ഇക്കാര്യത്തിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു.
ഇരുവരും തമ്മില്‍ വഴക്കു പതിവായിരുന്നു. അതില്‍ അധികവും ഒരാള്‍ മറ്റേയാളോട് വിശ്വാസവഞ്ചന കാണിച്ചുവെന്ന സംശയത്തിന്റെ പേരിലായിരുന്നെന്നും ശ്രദ്ധയുടെ സുഹൃത്തുക്കളും മുംബൈയില്‍ ഇവര്‍ താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥനും പറഞ്ഞു.
എന്നാല്‍ വീട്ടുചെലവിനെ ചൊല്ലിയുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്.
വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങുന്നതില്‍ തുടങ്ങിയ തര്‍ക്കം മറ്റ് ചിലകാര്യങ്ങളിലേക്ക് വഴിമാറുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. തര്‍ക്കത്തിനിടെ രാത്രി എട്ടിനും പത്തിനുമിടയിലാണ് കൊലപാതകം നടന്നതെന്നും പോലീസ് അറിയിച്ചു.
കൊലപാതകം നടന്ന മുറിയില്‍ തന്നെ അന്ന് രാത്രി മൃതദേഹം അഫ്താബ് സൂക്ഷിച്ചു. പിറ്റേന്ന് കത്തിയും ഫ്രിഡ്ജും വാങ്ങി പോലീസ് പറഞ്ഞു. കടക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തലിലേക്ക് എത്തിയത്. അഫ്താബുമായുള്ള ബന്ധം അംഗീകരിക്കാതിരുന്ന മാതാപിതാക്കളുമായി കഴിഞ്ഞ ഒരുവര്‍ഷമായി ശ്രദ്ധ ബന്ധം പുലര്‍ത്തിയിരുന്നില്ല.
ശ്രദ്ധയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. മഹാരാഷ്ട്ര പോലീസ് അഫ്താബിനെ ചോദ്യം ചെയ്തപ്പോള്‍ സംശയം തോന്നുകയും ഡല്‍ഹി പോലീസുമായി ചേര്‍ന്നുനടത്തിയ അന്വേഷണത്തിനൊടുവിലാണ് ശ്രദ്ധ കൊല്ലപ്പെട്ടെന്ന് കണ്ടെത്തുകയും ചെയ്തത്.
കൊലപാതകത്തിന് ശേഷവും ശ്രദ്ധ ജീവിച്ചിരിക്കുന്നുണ്ട് എന്ന് തോന്നിപ്പിക്കാന്‍ അവരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ബാങ്ക് അക്കൗണ്ടും അഫ്താബ് ഉപയോഗിച്ചുവരികയായിരുന്നു. പുതിയ ഫ്ളാറ്റിലേക്ക് മാറി നാലാം ദിവസമാണ് അഫ്താബ് ശ്രദ്ധയെ കൊലപ്പെടുത്തിയത്. സ്വകാര്യ കോള്‍സെന്ററിലെ സഹപ്രവര്‍ത്തകരായ ഇരുവരും ഒരുവര്‍ഷമായി ഒരുമിച്ച് താമസിച്ചുവരികയായിരുന്നു.
ഡേറ്റിങ് ആപ്പ് വഴിയാണ് ഇരുവരും മുംബൈയില്‍ വെച്ച് പരിചയപ്പെടുന്നത്. പിന്നീട് ഇവര്‍ ഡല്‍ഹിയിലേക്ക് മാറുകയായിരുന്നു. അവധി അറിയിക്കാതെ ലീവെടുത്തതിനെത്തുടര്‍ന്ന് അഫ്താബിനെ ജോലിയില്‍നിന്നും പുറത്താക്കിയിരുന്നു.