കീവ് :യുക്രെയ്നു നേരെയുള്ള റഷ്യൻ ആക്രമണത്തിന്റെ അലയൊലികൾ കായികലോകത്തും. രാജ്യത്തിന്റെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റത്തിനെതിരെ യുക്രെയ്ൻ കായികതാരങ്ങൾ ഒറ്റക്കെട്ടായി രംഗത്തെത്തി. യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ അയാക്സിനെതിരെ സമനില ഗോൾ നേടിയതിനു പിന്നാലെ ജഴ്സിയൂരി യുക്രെയ്ൻ ദേശീയചിഹ്നം പ്രദർശിപ്പിച്ചാണ് പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയുടെ യുക്രെയ്ൻ താരം റോമൻ യാരെംചുക് സ്വന്തം ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചത്. യുക്രെയ്ന്റെ ഇതിഹാസ ഫുട്ബോൾ താരം ആന്ദ്രെ ഷെവ്ചെങ്കോ, യുക്രെയ്ൻ ദേശീയ ടീം ക്യാപ്റ്റൻ കൂടിയായ മാഞ്ചസ്റ്റർ സിറ്റി ഡിഫൻഡർ ഒലക്സാണ്ടർ സിഞ്ചെങ്കോ എന്നിവരും പിന്തുണയുമായി രംഗത്തെത്തി.
റഷ്യയുടെ ആക്രമണത്തിനിടെ ‘നോ വാര്‍’ എന്ന് കവിളില്‍ എഴുതി പ്രതിഷേധിച്ച് യുക്രെയ്ൻ ബാസ്ക്റ്റ്ബോള്‍ താരം ആര്‍ടെം പുസ്തോവ്യയും പ്രതിഷേധത്തിന്റെ ഭാഗമായി. ഇത് തന്‍റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ദിനമായിരിക്കുമെന്നും രാജ്യം അസാധാരണ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്നും താരം പറഞ്ഞു. ബാസ്കറ്റ്ബോള്‍ ലോകകപ്പ് യോഗ്യതാ മല്‍സര ദിനം രാവിലെ ആണ് റഷ്യ യുക്രെയ്നെ ആക്രമിക്കുന്നത്. ഒരു മിനിറ്റ് മൗനത്തിനുശേഷം മല്‍സരം ആരംഭിച്ചെങ്കിലും യുക്രെയ്ൻ തോറ്റു. കാണികള്‍ എഴുന്നേറ്റുനിന്നു യുക്രെയ്ന്‍ ടീമിന് പിന്തുണ പ്രഖ്യാപിച്ചു. മല്‍സര ശേഷം യുക്രെയ്ന്‍ താരങ്ങള്‍ പൊട്ടിക്കരഞ്ഞു. രാജ്യത്തേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതോടെ ടീം അംഗങ്ങള്‍ സ്പെയിനില്‍ തന്നെ തുടരും.
അതിനിടെ, രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതോടെ യുക്രേനിയൻ പ്രിമിയർ ലീഗ് ഫുട്ബോൾ അനിശ്ചിത കാലത്തേക്ക് നിർത്തിവച്ചു. പ്രധാന ക്ലബ്ബുകളായ ഷക്തർ ഡൊണെറ്റ്സ്കിന്റെയും ഡൈനമോ കീവിന്റെയും വിദേശതാരങ്ങൾ ഹോട്ടലുകളിൽ കുടുങ്ങിക്കിടക്കുകയാണ്. കീവിലെ ഹോട്ടലിൽ കുടുംബസമേതം ഒത്തുചേർന്ന ബ്രസീലിയൻ കളിക്കാർ പ്രത്യേക വിമാനം അയയ്ക്കണമെന്ന് ബ്രസീലിയൻ സർക്കാരിനോട് അഭ്യർഥിക്കുന്ന വിഡിയോയും പുറത്തുവന്നു.
റഷ്യൻ ഫുട്ബോൾ താരം ഫെദർ സ്മൊലോവും സൈനികനടപടിക്കെതിരെ രംഗത്തെത്തി. ‘നോ ടു വാർ’– ഇൻസ്റ്റഗ്രാമിൽ സ്മൊലോവ് കുറിച്ചു. ഡൈനമോ മോസ്കോ ക്ലബ്ബിന്റെ താരമായ സ്മൊലോവ് റഷ്യയ്ക്കു വേണ്ടി 45 രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. റഷ്യൻ അധിനിവേശത്തിനെതിരെ പ്രതികരിക്കുന്ന പ്രധാനപ്പെട്ട ആദ്യ റഷ്യൻ കായികതാരമാണ് മുപ്പത്തിരണ്ടുകാരനായ സ്മൊലോവ്.
ഫോർമുല വൺ കാറോട്ടത്തിൽ ആസ്റ്റൻ മാർട്ടിന്റെ ഡ്രൈവറായ ജർമൻ താരം സെബാസ്റ്റ്യൻ വെറ്റൽ താൻ ഇത്തവണ റഷ്യൻ ഗ്രാൻപ്രിയിൽ മത്സരിക്കില്ലെന്ന് അറിയിച്ചു. 4 തവണ എഫ് വൺ ചാംപ്യനായിട്ടുണ്ട് മുപ്പത്തിനാലുകാരനായ വെറ്റൽ.
യുക്രെയ്ൻ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ഈ വർഷത്തെ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ഫൈനലിന്റെ വേദി റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽനിന്നു മാറ്റാൻ ആലോചന. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ യുവേഫ പ്രസിഡന്റ് അലക്സാണ്ടർ സെഫറിൻ ഇന്നു രാവിലെ അടിയന്തിര യോഗം വിളിച്ചു. മേയ് 28നാണ് ഫൈനൽ.
അപ്രതീക്ഷിതമായി യുക്രൈനിൽ അധിനിവേശം പ്രഖ്യാപിച്ച പ്രസിഡന്‍റ് വ്ലാദിമിർ പുടിനെതിരെ സെന്‍റ് പീറ്റേഴ്സ് ബർഗ് ചത്വരത്തിൽ വൻ പ്രതിഷേധറാലി. അർദ്ധരാത്രി ചത്വരത്തിലെത്തിയത് സ്ത്രീകളും കുട്ടികളുമുൾപ്പടെ ആയിരക്കണക്കിന് പ്രതിഷേധക്കാരാണ്. നൂറ് കണക്കിന് പേരെ റഷ്യൻ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും യുദ്ധവിരുദ്ധവികാരം റഷ്യയിലുണ്ടെന്ന് തെളിയിക്കുന്നതായി അർദ്ധരാത്രിയിലെ പ്രതിഷേധപ്രകടനം. അപ്രതീക്ഷിതമായി പുടിൻ നടത്തിയ ആക്രമണത്തിൽ ഞെട്ടൽ പ്രകടമാണ് റഷ്യയിൽ.
നോ റ്റു വാർ”, ”പുടിൻ, യുക്രൈനെ വെറുതെ വിട്” ”യുക്രൈൻ ഞങ്ങളുടെ ശത്രുവല്ല” ”നാണക്കേട്” എന്നിങ്ങനെ പുടിൻ വിരുദ്ധ മുദ്രാവാക്യങ്ങൾ നിരന്ന പ്ലക്കാർഡുകളുമായി നിരവധിപ്പേർ ഒഴുകിയെത്തി സെന്‍റ് പീറ്റേഴ്സ് ബർഗിലേക്ക്. മാസ്കുകളിൽ അടക്കം പ്രതിഷേധമുദ്രാവാക്യങ്ങളെഴുതി പലരും. റഷ്യയെ സംരക്ഷിക്കാൻ യുക്രൈനെ ആക്രമിക്കാതെ മറ്റൊരു വഴിയുണ്ടായിരുന്നില്ലെന്നായിരുന്നു പുടിന്‍റെ വാദമെങ്കിലും അത് മുഖവിലയ്ക്ക് എടുക്കുന്നില്ല പുടിൻ വിരുദ്ധചേരി എന്ന് വ്യക്തമാണ്.
ഏതെങ്കിലും തരത്തിൽ യുദ്ധവിരുദ്ധ പ്രക്ഷോഭത്തിനിറങ്ങിയാൽ കടുത്ത നടപടിയുണ്ടാകുമെന്ന് റഷ്യൻ പൊലീസ് അറിയിച്ചിരുന്നതാണ്. എന്നാൽ ഇത് മറികടന്നും ആയിരക്കണക്കിന് പേർ പ്രതിഷേധിക്കാൻ ഒഴുകിയെത്തി.
നാറ്റോയാകട്ടെ, ”യുദ്ധമെഷീൻ ഉരുളുകയാണ്, ഞങ്ങളുടെ അതിർത്തികൾക്ക് അടുത്തേക്ക്”, എന്ന് തിരിച്ചറിയുന്നുണ്ട്. അതിനാൽത്തന്നെ ഈ രാജ്യങ്ങളിൽ യുദ്ധവിരുദ്ധപ്രക്ഷോഭം ശക്തം. കൊവിഡ് മഹാമാരിക്കാലത്ത് ഒരു യുദ്ധത്തിനുള്ള കോപ്പ് കയ്യിലില്ലെന്ന് ഭരണാധികാരികളും തിരിച്ചറിയുന്നു. റഷ്യയുടെയും യുക്രൈന്‍റെയും അതിർത്തിരാജ്യങ്ങളിലും ഞെട്ടൽ പ്രകടമാണ്.
അതേസമയം, വിവിധ ലോകരാജ്യങ്ങളിലും റഷ്യയുടെ യുക്രൈൻ അധിനിവേശത്തിനെതിരെ പ്രതിഷേധ പ്രകടനങ്ങൾ ശക്തമായി. ഹംഗറിയിലെ ബുഡാപെസ്റ്റിലും, പോളണ്ടിലെ വാർസോയിലും കൂറ്റൻ പ്രകടനങ്ങൾ നടന്നു. യുക്രൈനെ സ്വതന്ത്രമാക്കുക എന്നാവശ്യപ്പെട്ട് ഫ്രഞ്ച് തലസ്ഥാനമായ പാരിസിലും പ്രകടനം നടന്നു. അമേരിക്കയിൽ ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിലാണ് പ്രകടനം നടന്നത്.
ബൾഗേറിയ, റൊമാനിയ ,നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളിലും റഷ്യക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. റഷ്യയിൽ യുദ്ധവിരുദ്ധ പ്രക്ഷോഭത്തിന് ശ്രമിച്ച 1700 പേരെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇതിനിടെ റഷ്യൻ ഔദ്യോഗിക വാർത്താചാനലായ ആർ ടി ന്യൂസിന്‍റെ വെബ്സൈറ്റ് പ്രവർത്തനം തടസ്സപ്പെട്ടു. നിരവധി ഹാക്കർമാർ അടക്കം റഷ്യയ്ക്കെതിരെയും സൈബർ ആക്രമണം അഴിച്ചുവിടുകയാണ്. ഇന്നലെ യുക്രൈൻ ബാങ്കിംഗ് മേഖല റഷ്യൻ സൈബറാക്രമണത്തിൽ പൂർണമായും തകർന്ന നിലയിലായിരുന്നു. ഇതിന് തിരിച്ചടിയെന്നോണമാണ് ആർടി ന്യൂസിന്‍റെ വെബ്സൈറ്റ് രാവിലെ ഹാക്കർമാർ ഹാക്ക് ചെയ്തത്.