ന്യൂഡൽഹി: പാൻ മസാലയും വെറ്റിലയും തിന്ന് പുറത്തേക്ക് തുപ്പുന്നത് ഏറ്റവും കൂടുതൽ തലവേദനയുണ്ടാക്കുന്നത് ഇന്ത്യൻ റെയിൽവേക്കാണ്. തീവണ്ടിക്കുള്ളിലും പ്ലാറ്റ്ഫോമിലുമെല്ലാം ഇതിന്റെ കറ മായാതെ ദിവസങ്ങളോളം കിടക്കും. ഇതു വൃത്തിയാക്കിയെടുക്കാൻ റെയിൽവേ ഒരു വർഷം ചിലവഴിക്കുന്നത് എത്ര രൂപയാണെന്ന് അറിയാമോ? 1200 കോടി! അതു മാത്രമല്ല, ഇത് കഴുകിക്കളയാൻ ഒരുപാട് വെള്ളവും ആവശ്യമായി വരുന്നു.
ഈ പ്രതിസന്ധി പരിഹരിക്കാൻ ഒരു വഴി കണ്ടെത്തിരിയിക്കുകയാണ് റെയിൽവേ. യാത്രക്കാർക്ക് ചെറിയ സ്പിറ്റൂൺ (തുപ്പൽ പാത്രങ്ങൾ)നൽകുന്നതാണ് ഈ പദ്ധതി. അഞ്ചു മുതൽ പത്ത് രൂപയാണ് ഇതിന്റെ വില. സ്റ്റേഷനുകളിലെ വെന്റിങ് മെഷീനിലും കിയോസ്കുകളിലുമാണ് ഇത് ലഭിക്കുക. ഇതുമായി ബന്ധപ്പെട്ട് ഈസിസ്പിറ്റ് എന്ന സ്റ്റാർട്ടപ്പുമായി റെയിൽവേ കരാറിലെത്തിയിട്ടുണ്ട്.
മണ്ണിൽ അലിഞ്ഞുചേരുന്ന സ്പിറ്റൂൺ വ്യത്യസ്ത വലിപ്പത്തിൽ ലഭ്യമാണ്. പോക്കറ്റ് പൗച്ചസ്, മൊബൈൽ കണ്ടെയ്നേഴ്സ്, സ്പിറ്റ് ബിൻസ് എന്നിങ്ങനെ മൂന്നു തരത്തിലാണ് നിലവിലുള്ളത്. 15 മുതൽ 20 തവണ വരെ പുനരുപയോഗിക്കാം. നിലവിൽ റെയിൽവേ പരിസരങ്ങളിൽ തുപ്പിയാൽ 500 രൂപയാണ് പിഴ.