തിരുവനന്തപുരം: സംസ്ഥാനത്ത് വന്ദേ ഭാരത് കടന്നുപോകുന്നതിനായി മറ്റുട്രെയിനുകൾ പിടിച്ചിടുന്നതിനെതിരെ യാത്രക്കാർ. രണ്ട് സെമി ഹൈസ്പീഡ് ട്രെയിനുകൾ കേരളത്തിൽ സർവീസ് ആരംഭിച്ചപ്പോൾ സന്തോഷത്തോടെയാണ് നാട് അതിനെ വരവേറ്റത്. വേഗത്തിൽ സംസ്ഥാനത്തിന്‍റെ രണ്ടറ്റത്തേക്കും സഞ്ചരിക്കാനുള്ള അവസരത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചപ്പോൾ രാജ്യത്തെ തന്നെ ഏറ്റവും തിരക്കേറിയ വന്ദേ ഭാരത് സർവീസായി കേരളത്തിലെ ട്രെയിൻ മാറുകയും ചെയ്തു.
എന്നാൽ ഇത് പ്രതികൂലമായി ബാധിച്ചത് മറ്റു ട്രെയിനുകളിലെ യാത്രക്കാരെയാണ്. വന്ദേ ഭാരത് കടന്നുപോകാനായി നിരവധി ട്രെയിനുകളാണ് മിനിറ്റുകളോളം പിടിച്ചിടുന്നത്. വന്ദേ ഭാരതിന്‍റെ സമയം പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് – വലത് എംപിമാർ കേന്ദ്ര റെയിൽവേ മന്ത്രിക്ക് ഇതിനോടകം കത്തയച്ചിട്ടുണ്ട്.
മറ്റു ട്രെയിനുകളിലെ ജനറൽ കമ്പാർട്മെന്‍റുകളുടെ കുറവ് യാത്രക്കാരെ വലക്കുന്നതിനൊപ്പമാണ് വന്ദേ ഭാരത് ട്രെയിനുകൾ കടന്നുപോകുന്നതിനായി ട്രെയിനുകൾ ദീർഘനേരം പിടിച്ചിടുന്നതും ചർച്ചയാകുന്നത്. വിദ്യാർഥികൾക്കും ഓഫീസുകളിലും മറ്റും പോകുന്ന സ്ഥിരം യാത്രക്കാരെയുമാണ് ഇത് ദുരിതത്തിലാക്കിയിരിക്കുന്നത്. വന്ദേ ഭാരതുകളുടെ സമയം പുനഃക്രമീകരിച്ച് ഈ പ്രശ്നം പരിഹരിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. മറ്റു ട്രെയിനുകൾ പിടിച്ചിട്ട് വന്ദേ ഭാരതിന് വഴിയൊരുക്കുന്നത് വലിയരു വിഭാഗത്തെയാണ് ബാധിക്കുന്നത്.
മറ്റ് ട്രെയിനുകള്‍ ദീര്‍ഘനേരം പിടിച്ചിട്ട് വന്ദേ ഭാരത് കടത്തിവിടുന്ന രീതി പുനഃപരിശോധിക്കണമെന്ന് ജോൺ ബ്രിട്ടാസ് എംപികേന്ദ്ര റെയിൽവേ മന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപിയും ഈ കാര്യം ആവശ്യപ്പെട്ട് നേരത്തെ കേന്ദ്ര മന്ത്രിക്ക് കത്തയച്ചിരുന്നു. മറ്റു ട്രെയിനുകളിൽ ജനറൽ കമ്പാർട്മെന്‍റുകളടെ എണ്ണം കൂട്ടണമെന്ന ആവശ്യവും ഇവർ ഉന്നയിച്ചിട്ടുണ്ട്.
രാജധാനി, ഏറനാട്, പാലരുവി, ഇന്‍റർസിറ്റി തുടങ്ങിയ ട്രെയിനുകളെല്ലാം നിലവിൽ വന്ദേ ഭാരത് മൂലം വൈകുന്നുണ്ട്. വന്ദേ ഭാരത് കുറഞ്ഞ സമയത്ത് ഓടിയെത്തുമ്പോൾ, മറ്റ് ട്രെയിനുകൾക്ക് കൂടുതൽ സമയമെടുക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. തിരുവനന്തപുരത്തുനിന്ന് പുലർച്ചെ 5:05ന് പുറപ്പെട്ടിരുന്ന വേണാട് മുതൽ തുടങ്ങും ഈ സമയമാറ്റം. ഇപ്പോൾ 5:25നാണ് ട്രെയിൻ പുറപ്പെടുന്നത്. നേരത്തെ എറണാകുളത്ത് ഓഫീസിലെത്തുന്നവർക്ക് ഈ ട്രെയിൻ ഉപകാരമായിരുന്നെങ്കിൽ ഇപ്പോൾ സമയത്തിനെത്താൻ കഴിയുന്നില്ല.
എറണാകുളം ജങ്ഷനിൽനിന്ന് വൈകീട്ട് 6:05ന് പുറപ്പെടുന്ന കായംകുളം എക്സ്‌പ്രസ് സ്പെഷ്യൽ 40 മിനിറ്റാണ് ദിവസവും കുമ്പളത്ത് പിടിച്ചിടുന്നത്. പാലരുവി എക്സ്പ്രസ്, കണ്ണൂര്‍ – ഷൊര്‍ണൂര്‍ പാസഞ്ചർ, എറണാകുളം ഇന്‍റര്‍സിറ്റി, ഏറനാട് എക്സ്പ്രസ്, പരശുറാം തുടങ്ങിയ ട്രെയിനുകളും വന്ദേ ഭാരതിന് വേണ്ടി പിടിച്ചിടുന്നുണ്ട്. നാഗർകോവിൽ – കോട്ടയം പാസഞ്ചറിന്‍റെ യാത്രയെയും വന്ദേ ഭാരത് താളം തെറ്റിച്ചു.
മറ്റു വണ്ടികൾ പിടിച്ചിടാതിരിക്കാൻ വന്ദേ ഭാരതിന്‍റെ സമയം പുനഃക്രമീകരിക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്‌സ് അസോസിയേഷൻ. വന്ദേ ഭാരതിന്‍റെ രാവിലത്തെ യാത്ര ആരംഭിക്കുന്നത് അഞ്ചുമണിക്കും മടക്കയാത്ര മൂന്നരയ്ക്കുമായി പുനഃക്രമീകരിച്ചാല്‍ നിലവിലെ ബുദ്ധിമുട്ടുകൾക്ക് ഒരുപരിധിവരെ പരിഹാരം കാണാനാകുമെന്ന് പാസഞ്ചേഴ്സ് അസോസിയേഷനും പറയുന്നു.
അറ്റകുറ്റപ്പണികളും മറ്റുംമൂലമാണ് ട്രെയിനുകൾ വൈകുന്നതെന്നാണ് റെയിൽവേ വിശദീകരിക്കിുന്നിത്. അതേസമയം എറണാകുളം – അമ്പലപ്പുഴ റൂട്ടിൽ വന്ദേ ഭാരതിന് വേണ്ടി ട്രെയിനുകള്‍ പിടിച്ചിടുന്നുവെന്ന പരാതിയ്ക്ക് പെട്ടെന്ന് പരിഹാരം ഉണ്ടാകില്ലെന്ന് ഉറപ്പാണ്. ഒരു ട്രാക്ക് മാത്രമുള്ള ഈ ഭാഗത്ത് പാത ഇരട്ടിപ്പിക്കൽ നടപടികള്‍ വേഗതയിലായാലേ ഇക്കാര്യത്തിലും തീരുമാനമുണ്ടാകൂ.