തിരുവനന്തപുരം: വയനാട്ടിലെ വന്യജീവി സംഘർഷത്തെ തുടർന്ന് വയനാട്ടിൽ സ്പെഷ്യൽ ഓഫീസറെ നിയമിക്കാൻ തീരുമാനം. സിസിഎഫ് റാങ്കിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥനെ വയനാട്ടിൽ നിയമിക്കാനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന വയനാട്ടിലെ ജനപ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. സിസിഎഫിന് കൂടുതൽ അധികാരം നൽകാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തെ സമീപിക്കാനും തീരുമാനമായി.
നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ മയക്കുവെടി വെയ്ക്കാൻ ഉത്തരവിറക്കുന്നതിൽ കാലതാമസം ഉണ്ടെന്ന് യോഗത്തിൽ പങ്കെടുത്ത വയനാട്ടിൽ നിന്നുള്ള ജനപ്രതിനിധികൾ പരാതിപ്പെട്ടു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഉത്തരവുകൾ വേഗത്തിലാക്കാനും യോഗത്തിൽ ധാരണയായി. കഴിഞ്ഞദിവസം ഉദ്യോഗസ്ഥരും വയനാട്ടിൽ നിന്നുള്ള എംഎൽഎമാരും അടക്കമുള്ളവരെ വിളിച്ച് ചേർത്ത് മുഖ്യമന്ത്രി സംഘടിപ്പച്ച ഉന്നതതല യോഗത്തിലെ തീരുമാനങ്ങളും യോഗത്തിൽ വിശദീകരിച്ചു.
വയനാട്ടിൽ മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെയും വനംമന്ത്രിയുടെയും നേതൃത്വത്തിൽ വയനാട്ടിലെ ജനപ്രതിനിധികളുടെ യോഗം വിളിച്ചത്. ഫെബ്രുവരി 10ന് പടമലയിലെ ജനവാസ മേഖലയിലിറങ്ങിയ ബേഗൂർ മാഗ്നയെന്ന കാട്ടാന ഒരാളെ ക്രൂരമായി കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ വന്യജീവി ആക്രമണത്തിനെതിരെ വയനാട്ടിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. കഴിഞ്ഞ ആറ് ദിവസമായിട്ടും ബേഗൂർ മഗ്നയെ മയക്കുവെടി വയ്ക്കാനുള്ള വനംവകുപ്പിൻ്റെ പരിശ്രമം ലക്ഷ്യം കണ്ടിട്ടില്ല.
ഇതിനെതിരെയും ജനരോഷം ശക്തമാണ്. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം പടമലയിൽ കടുവ ഇറങ്ങിയതും ജനരോഷം ശക്തമാക്കിയിരുന്നു. നേരത്തെ റോഡിയോ കോളർ ഘടിപ്പിച്ച തണ്ണീർ കൊമ്പൻ മാനന്തവാടി നഗരത്തിൽ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. വന്യമൃഗങ്ങൾ നാട്ടിലിറങ്ങി തുടർച്ചയായി ഭീതി പരത്തുന്ന പശ്ചാത്തലത്തിലാണ് സർക്കാർ വയനാട്ടിൽ സ്പെഷ്യൽ ഓഫീസറെ നിയമിക്കാൻ തീരുമാനിച്ചിരിക്കുന്നത്.