തിരുവനന്തപുരം:മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപിന്റെ മരണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് പോലീസ്. തിരുവനന്തപുരം ഫോർട്ട് സിറ്റി അസിസ്റ്റന്റ് കമ്മീഷ്ണറുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. പ്രദീപിനെ ഇടിച്ചിട്ട വാഹനം കണ്ടെത്താനാണ് പോലീസിന്റെ ശ്രമം.
പ്രദീപിന്റെ മരണത്തിൽ ദൂരഹതയുണ്ടെന്ന ആരോപണം ശക്തമാണ്. “ഈ മരണത്തിൽ ഒരുപാട് ദുരൂഹതകൾ ഉയരുന്നുണ്ട്. ഒരേ ദിശയിൽ വന്ന് ഇടിച്ചിട്ട വാഹനം നിർത്താതെ പോയതെന്തുകൊണ്ട്? ശക്തമായ അന്വേഷണം ആവശ്യമാണ്. അധികാരത്തിന്റെ അന്തപ്പുരരഹസ്യങ്ങൾ അറിയാമായിരുന്ന മാധ്യമപ്രവർത്തകനായിരുന്നു പ്രദീപ്. ഇക്കാര്യം അന്വേഷിക്കാന്‍ ഒരു പ്രത്യേക അന്വേഷണസംഘത്തെ ഏൽപ്പിക്കണമെന്ന് ഡിജിപിയോട് ആവശ്യപ്പെടുന്നു.” ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.
തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെ തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിനടുത്തുവെച്ചുണ്ടായ വാഹനാപകടത്തിലാണ് എസ് വി പ്രദീപ് കൊല്ലപ്പെട്ടത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പ്രദീപിനെ അതേ ദിശയിൽ വന്ന വാഹനമാണ് ഇടിച്ചത്. അപകടത്തിനു ശേഷം വാഹനം നിർത്താതെ പോയെന്ന് പോലീസ് പറഞ്ഞു. അപകട സ്ഥലത്ത് സിസിടിവി ക്യാമറ ഉണ്ടായിരുന്നില്ല.
ആളൊഴിഞ്ഞ സ്ഥലത്ത് പരിക്കേറ്റു കിടക്കുകയായിരുന്ന പ്രദീപിനെ ഏറെ നേരം കഴിഞ്ഞാണ് കണ്ടെത്തിയത്. അപകടമുണ്ടാക്കിയ വാഹനം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.