കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ച വാഹനാപകടത്തില്‍ അറസ്റ്റിലായ സൈജു എം തങ്കച്ചനെതിരെ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ്. ഇയാള്‍ക്കെതിരെ ഒമ്പതു കേസുകള്‍ എടുക്കാനാണ് നിലവില്‍ തീരുമാനം. തൃക്കാക്കര, ഇന്‍ഫോ പാര്‍ക്, മരട്, പനങ്ങാട്, ഫോര്‍ട്ടുകൊച്ചി, ഇടുക്കി വെള്ളത്തൂവല്‍ സ്റ്റേഷനുകളിലാകും കേസെടുക്കുക. ലഹരിമരുന്ന് ഉപയോഗിച്ചതിനാണ് കേസെടുക്കുക.
സൈജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരം ലഭിച്ചത്. കാട്ടുപോത്തിനെ വേട്ടയാടിയെന്ന കേസില്‍ വനംവകുപ്പും സൈജുവിനെതിരെ കേസെടുക്കും. സൈജുവിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്ന നിരവധി വീഡിയോകള്‍ കണ്ടെടുത്തിരുന്നു. സൈജുവിന്റെ ലഹരിപാര്‍ട്ടികളില്‍ പങ്കെടുത്തവര്‍ക്കെതിരെയും നടപടി ഉണ്ടാകും.
ഈ വീഡിയോകളിലുള്ളവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനിടെ, ലഹരി പാര്‍ട്ടികളില്‍ പങ്കെടുക്കുന്ന യുവതികളെ കെണിയിലാക്കി ബ്ലാക്മെയില്‍ ചെയ്യാനായി ഫോര്‍ട്ടുകൊച്ചി നമ്പര്‍ 18 ഹോട്ടലിലെ പാര്‍ട്ടി ഹാളുകളില്‍ പ്രത്യേക കോണുകളില്‍ കാമറകള്‍ സ്ഥാപിച്ചിരുന്നതായി സൈജു അന്വേഷണസംഘത്തിന് മൊഴി നല്‍കി. ഇത്തരത്തില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട വിഡിയോകള്‍ സൈജുവിന്റെ ഫോണില്‍ നിന്നും പൊലീസ് സംഘം കണ്ടെത്തി.
നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയിയും സൈജുവും ചേര്‍ന്നു സംഘടിപ്പിച്ച പാര്‍ട്ടിയില്‍ പങ്കെടുത്ത പെണ്‍കുട്ടിയുടെ ദൃശ്യമാണിതെന്ന് അന്വേഷണ സംഘം സൂചിപ്പിച്ചു. വീട്ടുകാര്‍ അറിയാതെ നിശാപാര്‍ട്ടികളില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് അവരെ ഭീഷണിപ്പെടുത്തി ലഹരി ഇടപാടുകള്‍ക്ക് ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്.
സൈജു താമസിക്കുന്ന കാക്കനാട്ടെ വാടക ഫ്ളാറ്റിലും ഇത്തരത്തിലുള്ള ലഹരി പാര്‍ട്ടികള്‍ സ്ഥിരമായി സംഘടിപ്പിച്ചിരുന്നു. ഇതില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് അപകടത്തില്‍ കൊല്ലപ്പെട്ട മോഡലുകളായ അന്‍സി കബീറിനെയും അഞ്ജന ഷാജനെയും സൈജു നിര്‍ബന്ധിച്ചത്. എന്നാല്‍ ഇവര്‍ ക്ഷണം നിരസിച്ചു. ഇതേത്തുടര്‍ന്നാണ് ഇവരെ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും വരുതിയിലാക്കാന്‍ സൈജു ശ്രമിച്ചത്.
ഇതിനായി മോഡലുകളെ കാറില്‍ പിന്തുടരവെയാണ് അപകടം ഉണ്ടാകുന്നത്. ഹോട്ടലുടമ റോയിയുടെ സഹായത്തോടെ നമ്പര്‍ 18 ഹോട്ടലിനുള്ളില്‍ തന്നെ മോഡലുകള്‍ക്കു വേണ്ടി ലഹരിപാര്‍ട്ടി നടത്താന്‍ സൈജു പദ്ധതിയിട്ടിരുന്നു. അതിനു മുന്നോടിയായി മോഡലുകള്‍ക്കൊപ്പമെത്തിയ അബ്ദുല്‍ റഹ്‌മാന്‍, മുഹമ്മദ് ആഷിഖ് എന്നിവര്‍ക്കു സൈജുവും റോയിയും ചേര്‍ന്നു ലഹരി കലര്‍ത്തിയ മദ്യം അമിതമായി നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്.
അന്‍സി കബീറും, അഞ്ജനയും താല്‍പര്യങ്ങള്‍ക്കു വഴങ്ങാതായതോടെ ഇവര്‍ മടങ്ങുമ്പോള്‍ പിന്തുടര്‍ന്നു കൂട്ടിക്കൊണ്ടുപോകാന്‍ സൈജു തയാറെടുപ്പു നടത്തിയിരുന്നു. ഇതിനായി ഇവരുടെ കാര്‍ പുറത്തേക്കു വരുന്നതു നേരിട്ടു കാണാന്‍ പാകത്തില്‍ സമീപത്തെ ജ്യൂസ് കടയ്ക്കു മുന്നില്‍ സൈജു കാത്തുനിന്നു. ഇതിനിടെ ഹോട്ടലുടമ റോയിയുമായി സൈജു ഫോണില്‍ സംസാരിച്ചിട്ടുമുണ്ട്.
മോഡലുകള്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളായ ലഹരി ഇടപാടുകാരന്‍ സൈജു തങ്കച്ചന്‍, ഹോട്ടലുടമ റോയ് ജോസഫ് എന്നിവരെ സമൂഹമാധ്യമങ്ങളിലൂടെ പിന്തുണച്ച ഒരു യുവതി ഇവര്‍ നടത്തിയ ലഹരി പാര്‍ട്ടികളിലെ സ്ഥിരം പങ്കാളിയാണെന്ന് പൊലീസ് സൂചിപ്പിച്ചു. സൈജുവിന്റെ ഫോണില്‍ ഇവര്‍ പങ്കെടുത്ത ലഹരി പാര്‍ട്ടികളുടെ രംഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ യുവതിയെ ഉടന്‍ ചോദ്യം ചെയ്യുമെന്നും അന്വേഷണസംഘം അറിയിച്ചു.
സൈജു തങ്കച്ചന്റെ കൂട്ടാളികളെയും പോലീസ് ചോദ്യം ചെയ്യും. സൈജു ചാറ്റുചെയ്ത ആളുകളോട് അന്വേഷണ സംഘത്തിന്റെ മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫോണില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളില്‍ മയക്കുമരുന്നു ഉപയോഗിക്കുന്നതായി കണ്ട മുഴുവന്‍ ആളുകളും പോലീസ് നിരീക്ഷണത്തിലാണ്. സൈജുവിന്റെ വാട്സാപ്പ്, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളുടെ സൈബര്‍ സെല്‍ പരിശോധനയും നടത്തും.