FootballNationalNewsSports

അടിയേറ്റ് തളര്‍ന്ന് കോസ്റ്റാറിക്ക,സ്‌പെയിന് ഏഴുഗോള്‍ ജയം

ദോഹ: ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് ഇയില്‍ കോസ്റ്റാറിക്കയ്‌ക്കെതിരെ സമ്പൂര്‍ണ വിജയവുമായി സ്‌പെയിന്‍. എതിരില്ലാത്ത ഏഴ് ഗോളിനാണ് മുന്‍ ചാമ്പ്യന്‍മാര്‍ കോസ്റ്റാറിക്കയെ തകര്‍ത്തുവിട്ടത്. സ്‌പെയിന്‍റെ ഗോളടിമേളം ഏഴില്‍ ഒതുങ്ങിയത് മാത്രമാണ് മത്സരത്തില്‍ കോസ്റ്റാറിക്കയുടെ ആശ്വാസം. 

4-3-3 ശൈലിയില്‍ ഫെരാന്‍ ടോറസിനെയും മാര്‍ക്കോ അസെന്‍സിയോയെയും ഡാനി ഓല്‍മോയെയും ആക്രമണത്തിന് നിയോഗിച്ചാണ് സ്‌പെയിന്‍ ടീമിനെ അണിനിരത്തിയത്. മധ്യനിരയില്‍ പരിചയസമ്പന്നനായ ബുസ്‌കറ്റ്‌സിനൊപ്പം യുവരക്തങ്ങളായ ഗാവിയും പെഡ്രിയും എത്തിയപ്പോള്‍ തന്നെ പരിശീലകന്‍ ലൂയിസ് എന്‍‌റിക്വ രണ്ടുംകല്‍പിച്ചാണെന്ന് ഉറപ്പായിരുന്നു. അസ്‌പിലിക്വേറ്റയും റോഡ്രിയും ലൊപ്പോര്‍ട്ടയും ആല്‍ബയുമുള്ള പ്രതിരോധവും അതിശക്തം. മറുവശത്ത് 4-4-2 ശൈലിയിലായിരുന്നു ലൂയിസ് ഫെര്‍ണാണ്ടോ സുവാരസിന്‍റെ കോസ്റ്റാറിക്ക. 

ടിക്കിടാക്കയെ ഓര്‍മ്മിപ്പിച്ച പാസുകളുടെ അയ്യരുകളിയായിരുന്നു തുമാമ സ്റ്റേഡിയത്തില്‍. ആദ്യപകുതിയില്‍ തന്നെ 573 പാസുകളുമായി സ്പാനിഷ് താരങ്ങള്‍ കളംനിറഞ്ഞപ്പോള്‍ മൂന്ന് ഗോളുകള്‍ 31 മിനുറ്റിനിടെ കോസ്റ്റാറിക്കയുടെ വലയിലെത്തി. മൂന്നും നേടിയത് മുന്നേറ്റനിര താരങ്ങള്‍. 11-ാം മിനുറ്റില്‍ ഡാനി ഓല്‍മോയും 21-ാം മിനുറ്റില്‍ മാര്‍ക്കോ അസന്‍സിയോയും വലകുലുക്കി. 31-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ ഫെരാന്‍ ടോറസും കോസ്റ്റാറിക്കയുടെ വിഖ്യാത ഗോളി കെയ്‌ലര്‍ നവാസിനെ കബളിപ്പിച്ചു. ഒരൊറ്റ ഷോട്ട് പോലും ഓണ്‍ ടാര്‍ഗറ്റിലേക്ക് ഉതിര്‍ക്കാന്‍ 45 മിനുറ്റുകള്‍ക്കിടെ കോസ്റ്റാറിക്കയ്ക്കായില്ല.  

രണ്ടാംപകുതിയിലും കളിയുടെ പൂര്‍ണ നിയന്ത്രണം സ്‌പെയിന് തന്നെയായിരുന്നു. 54-ാം മിനുറ്റില്‍ സുന്ദര ഫിനിഷിലൂടെ ടോറസ് ലീഡ് നാലാക്കി ഉയര്‍ത്തി. 74-ാം മിനുറ്റില്‍ ഗാവിയും 90-ാം മിനുറ്റില്‍ കാര്‍ലോസ് സോളറും ഇഞ്ചുറിടൈമില്‍ മൊറാട്ടയും പട്ടിക പൂര്‍ത്തിയാക്കി. സ്‌പെയിന്‍ ആയിരത്തിലധികം പാസുകളുമായി കോസ്റ്റാറിക്കന്‍ താരങ്ങളെ വട്ടംകറക്കിയപ്പോള്‍ എതിരാളികള്‍ക്ക് കഷ്ടിച്ച് 250ഓളം പാസുകളെ ഉണ്ടായിരുന്നുള്ളൂ. 90 മിനുറ്റ് പൂര്‍ത്തിയായപ്പോഴും ഓണ്‍ ടാര്‍ഗറ്റിലേക്ക് ഒരു ഷോട്ട് പോലും കോസ്റ്റാറിക്കന്‍ താരങ്ങളുടെ കാലുകളില്‍ നിന്ന് കുതിച്ചില്ല. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button