ദോഹ: ഫിഫ ലോകകപ്പില്‍ മൊറോക്കോ-സ്പെയിന്‍ പ്രീ ക്വാർട്ടർ എക്സ്ട്രാ ടൈമിലേക്ക്. 90 മിനുറ്റിലും അഞ്ച് മിനുറ്റ് അധികസമയത്തും ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടർച്ചയായ രണ്ടാം ദിനമാണ് പ്രീ ക്വാർട്ടർ അധികസമയത്തേക്ക് നീളുന്നത്.
മൊറോക്കോ-സ്പെയിന്‍ ആവേശ ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. സ്പെയിന്‍ പാസിംഗിലൂന്നി കളിക്കുമ്പോള്‍ കൗണ്ടറുകളിലാണ് മൊറോക്കോയുടെ ശ്രമങ്ങളെല്ലാം. ഇരു ടീമുകളും ഗോള്‍മുഖത്തേക്ക് എത്തിയെങ്കിലും വല ചലിപ്പിക്കാനായില്ല. മത്സരത്തില്‍ കൂടുതല്‍ അവസരങ്ങള്‍ തുറന്നത് മൊറോക്കോയായിരുന്നു. ഓണ്‍ ടാർഗറ്റിലേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാന്‍ 45 മിനുറ്റുകളില്‍ സ്പെയിനായില്ല.
ഇരു ടീമുകളും 4-3-3 ശൈലിയില്‍ മൈതാനത്തെത്തിയപ്പോള്‍ തുടക്കത്തിലെ മത്സരം കടുത്തു. ഡാനി ഓല്‍മോയും മാർക്കോ അസെന്‍സിയോയും ഫെരാന്‍ ടോറസും സ്പെയിനിനായും ഹക്കീം സിയെച്ചും സൊഫൈന്‍ ബൗഫലും യൂസെഫ് എന്‍ നെസ്‍യിരിയും മൊറോക്കോയ്ക്കായും ആക്രമണം നയിക്കാനിറങ്ങി. സ്പെയിന്‍റെ മധ്യനിര പെഡ്രി-ബുസ്കറ്റ്സ്-ഗാവി ത്രയം കയ്യടക്കിയതോടെ മത്സരത്തില്‍ പന്തടക്കം സ്‍പാനിഷ് കാലുകളില്‍ തൂങ്ങിനിന്നു.
പക്ഷേ അതൊന്നും അവസരങ്ങള്‍ വഴിതുറക്കുന്നതിലേക്ക് നീക്കങ്ങളെ എത്തിച്ചില്ല. 25-ാം മിനുറ്റില്‍ ഓഫ്സൈഡ് എങ്കിലും ഗാവിയുടെ ഷോട്ട് ബാറില്‍ തട്ടി തെറിച്ചു. 33-ാം മിനുറ്റില്‍ മൊറോക്കോ താരം സരൗരിയുടെ ഗോളെന്നുറച്ച ഷോട്ട് സ്പാനിഷ് ഗോളി തടുത്തു. 42-ാം മിനുറ്റില്‍ ഫ്രീകിക്കിനൊടുവില്‍ ലീഡ് നേടാന്‍ ലഭിച്ച സുവർണാവസരം മുതലാക്കാന്‍ മൊറോക്കോയുടെ ബൗഫലിന് സാധിക്കാതെ പോയി. പിന്നാലെ ടോറസിന്‍റെ മുന്നേറ്റം ഗോളിലേക്ക് എത്തിയില്ല.
രണ്ടാംപകുതിയിലേക്ക് എത്തിയപ്പോള്‍ ഇരു ടീമുകളും ആക്രമണത്തിന്‍റെ വേഗം കൂട്ടി. പക്ഷേ ഗോള്‍ മാറിനിന്നു. ഗാവിയെയും അസെന്‍സിയോയേയും പിന്‍വലിച്ച് ലൂയിസ് എന്‍റിക്വ അടവുകള്‍ മാറ്റിയെങ്കിലും പ്രയോജനമുണ്ടായില്ല. സ്പെയിനെ വിറപ്പിച്ചൊരു മുന്നേറ്റം 50-ാം മിനുറ്റില്‍ മൊറോക്കയുടെ ഭാഗത്തുനിന്നുണ്ടായി. ഇഞ്ചുറിടൈമിന്‍റെ അവസാന മിനുറ്റില്‍ വമ്പനൊരു ഫ്രീകിക്ക് മൊറോക്കോന്‍ ഗോളി തടഞ്ഞത് നിർണായകമായി.