തിരുവനന്തപുരം: ഉറവിടം കണ്ടെത്താനാകാത്ത നാല് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്ത് ആശങ്കയും വര്‍ധിച്ചു. ഏറ്റവും ഒടുവില്‍ കൊല്ലത്ത് മരിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിച്ച ആള്‍ക്ക് എങ്ങനെ രോഗം വന്നുവെന്ന് ആരോഗ്യവകുപ്പിന് വ്യക്തതയില്ല. ലോക്ക്ഡൗണ്‍ ഇളവുകള്‍ ആഘോഷമാക്കുന്ന മലയാളിക്ക് ഒരു മുന്നറിയിപ്പാണ് ഈ തരം രോഗബാധയും മരണങ്ങളും.
ആദ്യം തിരുവനന്തപുരം പോത്തന്‍കോട് രോഗം ബാധിച്ചു മരിച്ച അബ്ദുല്‍ അസീസ്, ചൊവ്വാഴ്ച മരിച്ച വൈദികന് കെ.ജി.വര്‍ഗീസ്, മഞ്ചേരിയിലെ നാലുമാസം പ്രായമുണ്ടായിരുന്ന നൈഹ ഫാത്തിമ, കൊല്ലത്ത് മരിച്ച കാവനാട് സ്വദേശി സേവ്യര്‍ എന്നിവര്‍ക്ക് എവിടെനിന്ന് രോഗം കിട്ടി എന്നാണ് വ്യക്തതയില്ലാത്തത്.
വിദേശത്തു നിന്നോ ഇതര സംസ്ഥാനങ്ങളില്‍ നിന്നോ വന്ന ആരെങ്കിലുമായി ഇവര്‍ക്ക് സമ്പര്ക്കമുണ്ടോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. രോഗം മൂര്‍ച്ഛിച്ചതിന് ശേഷമാണ് പലരും ആശുപത്രികളില്‍ എത്തുന്നത്. അതുകൊണ്ടു തന്നെ ജീവന് രക്ഷിക്കാന്‍ ഉള്ള ശ്രമം പാളും.
രോഗ ലക്ഷണങ്ങള്‍ കാണിക്കാത്ത വൈറസ് വാഹകരില്‍ നിന്നാകും ഇവര്‍ക്ക് രോഗം കിട്ടിയതെന്ന് സര്‍ക്കാര്‍ കരുതുന്നു. അങ്ങനെയെങ്കില്‍ അത്തരം ആളുകള്‍ ഇനിയുമേറെപ്പേര്‍ക്ക് രോഗം പടര്‍ത്തിയിട്ടുണ്ടാകില്ലേ എന്നാണ് മറുചോദ്യം.
സംസ്ഥാനത്തെ ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് – പരിശോധനയില്‍ പോസിറ്റീവ് ആകുന്നവരുടെ എണ്ണം – 1.7 ശതമാനം എന്ന മികച്ച തോതിലാണ്. എന്നാല്‍ ഉറവിടം അജ്ഞാതമായതും സമ്പര്‍ക്കം വഴിയുമുള്ള രോഗ ബാധ കൂടുന്നതാണ് ആശങ്കയ്ക്ക് കാരണമാകുന്നത്.
അതേസമയം സംസ്ഥാനത്ത് ഇന്നലെ 94 പേര്‍ക്ക് കൊവിഡ സ്ഥിരീകരിച്ചു. മൂന്ന് പേര് മരിച്ചു. 47 പേര് വിദേശത്ത് നിന്ന് വന്നവരാണ്. 37 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തി. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇന്ന് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയില്‍ നിന്നെത്തിയ 27 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ നിന്നെത്തിയ എട്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 39 പേരാണ് ഇന്ന് രോഗമുക്തരായത്.
പാലക്കാട് 13, മലപ്പുറം എട്ട്, കണ്ണൂര്‍ ഏഴ്, കോഴിക്കോട് അഞ്ച് , തൃശ്ശൂര്‍ വയനാട് രണ്ട് വീതം, തിരുവനന്തപുരം പത്തനംതിട്ട ഓരോ രോഗികളും നെഗറ്റീവായി. പത്തനംതിട്ട 14, കാസര്‍കോട് 12, കൊല്ലം 11, കോഴിക്കോട് 10, ആലപ്പുഴ എട്ട്, മലപ്പുറം എട്ട്,. പാലക്കാട് ഏഴ്, കണ്ണൂര്‍ ആറ്, കോട്ടയം അഞ്ച് തിരുവനന്തപുരം അഞ്ച്, തൃശൂര്‍ നാല് എറണാകുളം രണ്ട്, വയനാട് രണ്ട് എന്നിങ്ങനെയാണ് പോസിറ്റീവ്.
ചെന്നൈയില്‍ നിന്നെത്തിയ പാലക്കാട് ജില്ലയിലെ മീനാക്ഷിയമ്മാള്‍, അബുദാബിയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി, കൊല്ലം സ്വദേശി സേവ്യര്‍ മരിച്ചു.മൂന്ന് പേര്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഷബ്നാസ് രക്താര്‍ബുദ രോഗിയായിരുന്നു. കൊല്ലം സ്വദേശി സേവ്യറിനെ മരിച്ച ശേഷമാണ് ആശുപത്രിയിലെത്തിച്ചത്. പിന്നീട് രണ്ട് തവണ പരിശോധിച്ച് കൊവിഡ് സ്ഥിരീകരിച്ചു.
14. 3887 സാമ്പിളുകള്‍ പരിശോധിച്ചു. 1588 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 884 പേര് ചികിത്സയിലാണ്. 170065 പേര് നിരീക്ഷണത്തില്‍. 168578 പേര് വീടുകളിലും 1487 ആശുപത്രികളിലും. 225 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 76383 സാമ്പിളുകള്‍ പരിശോധനക്കയച്ചു. 72139 എണ്ണം നെഗറ്റീവ്.