CrimeNationalNews

ഡൽഹിയിൽ മലയാളി മാധ്യമപ്രവർത്തയുടെ കൊലപാതകം: അഞ്ചുപ്രതികളും കുറ്റക്കാർ

ന്യൂഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ അഞ്ചുപ്രതികളും കുറ്റക്കാരെന്ന് കോടതി. കേസിലെ പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജീത് മാലിക്, അജയ് സേത്തി, അജയ്കുമാര്‍ എന്നിവരെയാണ് ഡല്‍ഹിയിലെ സാകേത് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കൊലപാതകം ഉള്‍പ്പെടെ പ്രതികള്‍ക്കെതിരായ എല്ലാകുറ്റങ്ങളും പ്രോസിക്യൂഷന് തെളിയിക്കാനായെന്ന് കോടതി വ്യക്തമാക്കി. പ്രതികള്‍ക്കുള്ള ശിക്ഷ പിന്നീട് പ്രഖ്യാപിക്കും.

ശിക്ഷാവിധിക്ക് മുന്‍പ് പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദംകേള്‍ക്കും. ഒക്ടോബര്‍ 26 മുതലായിരിക്കും ഇതുസംബന്ധിച്ച കോടതി നടപടികള്‍ ആരംഭിക്കുക. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കാന്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. അതേസമയം, കുറ്റക്കാരാണെന്ന കണ്ടെത്തലിനെതിരേ പ്രതികള്‍ക്ക് വേണമെങ്കില്‍ അപ്പീല്‍ നല്‍കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

2008 സെപ്റ്റംബര്‍ 30-നാണ് രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. ഡല്‍ഹിയില്‍ ഇന്ത്യാടുഡേ ഗ്രൂപ്പിന്റെ ‘ഹെഡ്ലൈന്‍സ് ടുഡേ’ ചാനലില്‍ മാധ്യമപ്രവര്‍ത്തകയായിരുന്ന സൗമ്യ വിശ്വനാഥനെ വസന്ത്കുഞ്ചിന് സമീപം കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കാര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തക മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍, മൃതദേഹപരിശോധനയില്‍ തലയ്ക്ക് വെടിയേറ്റതായി കണ്ടെത്തിയത് കേസില്‍ വഴിത്തിരിവായി.

കൃത്യംനടന്ന് ഒരുവര്‍ഷത്തിന് ശേഷമാണ് കേസിലെ പ്രതികളെ പോലീസ് പിടികൂടിയത്. 2009 മാര്‍ച്ചില്‍ ഡല്‍ഹിയില്‍ കോള്‍ സെന്റര്‍ ജീവനക്കാരിയായ ജിഗിഷ ഘോഷിനെ കൊലപ്പെടുത്തിയ കേസില്‍ രവി കപൂര്‍, അമിത് ശുക്ല എന്നിവര്‍ പിടിയിലായിരുന്നു. ഇവരെ ചോദ്യംചെയ്തതോടെയാണ് 2008-ല്‍ സൗമ്യ വിശ്വനാഥനെ വെടിവെച്ച് കൊലപ്പെടുത്തിയതും തങ്ങളാണെന്ന് പ്രതികള്‍ വെളിപ്പെടുത്തിയത്.

സംഭവദിവസം മെറൂണ്‍നിറത്തിലുളള കാര്‍ സൗമ്യയുടെ വാഹനത്തെ പിന്തുടര്‍ന്നതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സൗമ്യയെ പിന്തുടര്‍ന്ന ഈ കാര്‍ ജിഗിഷ കൊലക്കേസില്‍ പിടിയിലായ പ്രതികളുടേതാണ് അന്വേഷണത്തില്‍ തെളിഞ്ഞു. ഓടുന്ന കാറില്‍നിന്നാണ് യുവതിക്ക് നേരേ പ്രതികള്‍ വെടിയുതിര്‍ത്തതെന്നും കവര്‍ച്ച ലക്ഷ്യമിട്ടാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നും പോലീസ് പറഞ്ഞിരുന്നു.

രവി കപൂര്‍, അമിത് ശുക്ല, ബല്‍ജീത് മാലിക്, അജയ് സേത്തി എന്നീ പ്രതികള്‍ 2009 മുതല്‍ കസ്റ്റഡിയിലാണ്. ഇവരുടെപേരില്‍ മോക്ക (മഹാരാഷ്ട്ര സംഘടിതകുറ്റകൃത്യ നിയമം) പ്രകാരമാണ് കേസെടുത്തത്.

2010-ല്‍ ഡല്‍ഹി പോലീസ് പ്രതികള്‍ക്കെതിരേ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2010 നവംബര്‍ 16-ന് സാകേത് കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിച്ചു. 2016 ജൂലായ് 19-നാണ് വാദം പൂര്‍ത്തിയായത്. തുടര്‍ന്ന് വിവിധ നിയമപ്രശ്നങ്ങള്‍ കാരണം കേസിന്റെ വിധി പറയുന്നത് പലതവണ മാറ്റിവെയ്ക്കുകയായിരുന്നു.

2009-ലെ ജിഗിഷ ഘോഷ് വധക്കേസിൽ രവി കപൂര്‍, മാലിക്, അമിത് ശുക്ല എന്നിവരെ കോടതി ശിക്ഷിച്ചിരുന്നു. ജിഗിഷ കൊലക്കേസില്‍ ഉപയോഗിച്ച തോക്ക് കണ്ടെടുത്തതാണ് സൗമ്യാ വിശ്വനാഥന്റെ കേസന്വേഷണത്തില്‍ വഴിത്തിരിവായത്. കപൂറിനും ശുക്ലയ്ക്കും വിചാരണക്കോടതി ഈ കേസില്‍ വധശിക്ഷയും മാലിക്കിന് ജീവപര്യന്തവും 2017-ല്‍ വിധിച്ചു. എന്നാല്‍, അടുത്തവര്‍ഷം കപൂറിന്റെയും ശുക്ലയുടെയും വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കി കുറച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button