ജനകീയ അടിത്തറയില്ലാത്ത നേതാക്കള്‍ പാര്‍ട്ടിക്ക് ബാധ്യത; കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ച് സോണിയ ഗാന്ധി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളുടെ പ്രവര്‍ത്തന ശൈലിയില്‍ അതൃപ്തി രേഖപ്പെടുത്തി ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. ജനകീയ അടിത്തറ ഇല്ലാത്ത നേതാക്കള്‍ പാര്‍ട്ടിക്ക് ബാധ്യതയാണ്. സമൂഹ മാധ്യമങ്ങളില്‍ മാത്രം പ്രതികരിച്ചാല്‍ പോരാ ജനകീയ വിഷയങ്ങളില്‍ നേതാക്കള്‍ നേരിട്ട് ഇടപെടണമെന്നും ഡല്‍ഹിയില്‍ തുടരുന്ന നേതൃയോഗത്തില്‍ സോണിയ ഗാന്ധി പറഞ്ഞു.
പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് പ്രേരക്മാരെ നിയമിക്കുന്നതടക്കമുള്ള വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്യുന്നുണ്ട്. പാലാ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കേരളത്തെ പ്രതിനിധീകരിച്ച് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് മാത്രമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. നാളെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരോട് ഡല്‍ഹിയിലേക്ക് എത്താനും സോണിയ ഗാന്ധി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച കൂടിയാലോചനയാണ് അജണ്ട.