ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണായി സോണിയാ ഗാന്ധി എം.പിയെ തിരഞ്ഞെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജന്‍ ഖാര്‍ഗെയാണ് സോണിയയുടെ പേര് നിര്‍ദേശിച്ചത്. കോണ്‍ഗ്രസ് നേതാക്കളായ കെ.സുധാകരന്‍ ഗൗരവ് ഗോഗോയ്, താരിഖ് അന്‍വര്‍ എന്നിവര്‍ പിന്തുണയ്ക്കുകയും ചെയ്തു.
ശനിയാഴ്ച ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് സോണിയാഗാന്ധിയെ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് രാഹുല്‍ഗാന്ധിയെത്തണമെന്ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗം പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.
റായ്ബറേലിയിൽ എംപി സ്ഥാനം നിലനിർത്തി വയനാട് സീറ്റ് ഒഴിഞ്ഞു നൽകുമെന്നും വിവരമുണ്ട്. പ്രിയങ്ക ഗാന്ധിയെ വയനാട്ടിൽ മത്സരിപ്പിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ നിലനിന്നിരുന്നെങ്കിലും ഏറ്റവും പുതിയ വിവരമനുസരിച്ച് കേരളത്തിലെ കോൺഗ്രസ് നേതാക്കളെ തന്നെ വയനാട് സീറ്റിലേക്ക് പരിഗണിക്കാനാണ് ഉന്നത വൃത്തങ്ങൾ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം കോൺഗ്രസ് പ്രവർത്തക സമിതി രാഹുൽ ഗാന്ധിയോട് പ്രതിപക്ഷ നേതാവാകാൻ ആവശ്യപ്പെട്ടെന്ന് കെ സി വേണുഗോപാൽ മാധ്യമങ്ങളെ അറിയിച്ചു. ഇതു സംബന്ധിച്ച് പ്രമേയവും പാസാക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതൃനിരയിൽ പാർട്ടിയെ നയിക്കാൻ ഏറ്റവും യോഗ്യൻ രാഹുൽഗാന്ധിയാണെന്നും കെസി കൂട്ടിച്ചേർത്തു.
പ്രവർത്തക സമിതിയുടെ പൊതുവികാരം അദ്ദേഹം മനസ്സിലാക്കുമെന്നും പ്രതിപക്ഷ നേതൃസ്ഥാനം എടുക്കുമെന്നും കെസി പ്രത്യാശ പ്രകടിപ്പിച്ചു. വിഷയത്തിൽ ഔദ്യോഗിക അറിയിപ്പ് ഉടൻ ഉണ്ടായേക്കും. തിരഞ്ഞെടുപ്പിൽ വിവിധ സംസ്ഥാനങ്ങളിൽ തിരിച്ചടി നേരിട്ടതിനെക്കുറിച്ചും അന്വേഷിക്കാൻ പ്രവർത്തക സമിതി തീരുമാനിച്ചിട്ടുണ്ട്.
റായ്ബറേലിയില്‍നിന്ന് മത്സരിക്കുന്നതില്‍നിന്ന് പിന്മാറിയ സോണിയാ ഗാന്ധി ഇത്തവണ രാജസ്ഥാനില്‍നിന്നാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. റായ്ബറേലിയില്‍ മത്സരിച്ച രാഹുല്‍ഗാന്ധി 3,900,30 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തിരുന്നു.